
ബീ.സി യുടെ ചില ഭാഗങ്ങളിൽ അടുത്തയാഴ്ച മുതൽ താപനില ഉയരുമെന്ന് പൊതുസുരക്ഷാ മന്ത്രാലയം അറിയിച്ചു. ഈ സാഹചര്യത്തിൽ താമസക്കാർ ഹീറ്റ് പ്ലാൻ തയ്യാറാക്കണമെന്ന് അധികൃതർ നിർദേശിച്ചു. തീവ്രമായ ചൂട് മൂലം അടിയന്തരാവസ്ഥ ഉണ്ടാവില്ലെങ്കിലും ചില പ്രദേശങ്ങളിൽ ചൂട് മുന്നറിയിപ്പുകൾ ഉണ്ട്. ശനിയാഴ്ച മുതൽ അടുത്ത ആഴ്ച വരെയാണ് ഉയർന്ന താപനില ഉണ്ടാവുക എന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഉഷ്‌ണ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതും പതിവായി പരിശോധനകൾ ആവശ്യമുള്ളതുമായ ആളുകൾ ഇടയ്ക്കിടെ കുളിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുന്നതിലൂടെ തണുപ്പ് നിലനിർത്തുന്നുണ്ടെന്ന് കുടുംബാഗങ്ങൾ ഉറപ്പുവരുത്തണം. കഴിഞ്ഞ വേനൽക്കാലത്തെ കൊടും ചൂടിൽ 600-ലധികം പേർ മരിച്ചതായി ബീ.സി കൊറോണേഴ്‌സ് സർവീസ് റിപ്പോർട്ടിനെ തുടർന്ന് താപനില ശ്രേണികളും ചൂട് സംബന്ധിച്ച മുന്നറിയിപ്പുകളും ഗവണ്മെന്റിന്റെ പ്രതികരണങ്ങളും ഉൾപ്പെടുത്തി പ്രവിശ്യയിൽ ജൂൺ മാസം ഹീറ്റ് അലർട്ട് സിസ്റ്റം ആരംഭിച്ചിട്ടുണ്ട്.
അടുത്ത ആഴ്ചയോടെ പ്രവിശ്യയുടെ തെക്കൻ തീരത്തും വടക്കൻ ഇന്റീരിയറിന്റെ ചില ഭാഗങ്ങളിലും ഉയർന്ന ചൂട് അനുഭവപ്പെടുമെന്നും ഒകനാഗൻ, ബീ.സി സെൻട്രൽ , സൗത്ത് ഈസ്റ്റേൺ ഭാഗങ്ങളിൽ താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തുമെന്നും എൻവിയോണ്മെന്റ് കാനഡ റിപ്പോർട്ട് ചെയ്യുന്നു.