വിന്റർ സീസണിലെ ഒമിക്രോൺ വ്യാപനം; ഓസ്ട്രേലിയ വീണ്ടും വർക്ക്‌ ഫ്രം ഹോമിലേക്ക്

By: 600021 On: Jul 21, 2022, 2:36 PM

ഓസ്ട്രേലിയയിൽ കോവിഡ് വ്യാപനം വർധിക്കുന്നതായി റിപ്പോർട്ട്‌. കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം വലിയ തോതിൽ ഉയർന്നിട്ടുണ്ട്. വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ ആളുകൾ മാസ്ക് ധരിക്കുകയും ബൂസ്റ്റർ ഷോട്ടുകൾ എടുക്കുകയും ചെയ്യണമെന്നും ജീവനക്കാർ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനും അധികൃതർ നിർദേശം നൽകി.
 
ഒമിക്രോണിന്റെ മൂന്നാമത്തെ തരംഗത്തിലാണ് ഓസ്‌ട്രേലിയ ഉള്ളത്. സബ് വേരിയന്റുകളായ BA.4, BA.5 വിഭാഗങ്ങളുടെ വ്യാപനമാണ് രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി 300,000-ത്തിലധികം കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേസുകളുടെ യഥാർത്ഥ എണ്ണം ഇതിന്റെ ഇരട്ടിയായിരിക്കുമെന്നും ബുധനാഴ്ച രേഖപ്പെടുത്തിയ 53,850 പുതിയ കേസുകൾ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണെന്നും അധികൃതർ പറയുന്നു.
 
കോവിഡ് മാൻഡേറ്റുകൾ പാലിക്കാൻ ആളുകൾ ബാധ്യസ്ഥരാണെന്ന് പ്രധാന മന്ത്രി ആന്തണി അൽബാനീസ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ബിസിനസ്സുകളും ജീവനക്കാരും വർക്ക് ഫ്രം ഹോം ക്രമീകരണം സംബന്ധിച്ച് ഒരുമിച്ച് തീരുമാനമെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
തൊഴിലുടമകൾ ഗവൺമെന്റിന്റെ പാൻഡെമിക് ലീവ് പേയ്‌മെന്റുകൾക്ക് പുറമേ ക്വാറന്റൈനിൽ ഉള്ള തൊഴിലാളികൾക്ക് പൂർണ്ണ  ശമ്പളത്തോടുകൂടിയ അവധി നൽകുകയും സൗജന്യ റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ നൽകുകയും ചെയ്യണമെന്ന് ഓസ്‌ട്രേലിയൻ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻ പ്രസിഡന്റ് മിഷേൽ ഒ നീൽ പറഞ്ഞു. വരും ആഴ്ചകളിൽ ഓസ്‌ട്രേലിയയിൽ ദശലക്ഷക്കണക്കിന് പുതിയ കേസുകൾക്ക് സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.