ബീസിയില്‍ താമസിക്കുന്നവരും സന്ദര്‍ശകരും മൃഗങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രവൃത്തികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന മുന്നറിയിപ്പുമായി കണ്‍സര്‍വേഷന്‍ ഉദ്യോഗസ്ഥര്‍ രംഗത്ത്. കാറില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കരടികള്‍ കാറിനുള്ളില്‍ കയറാന്‍ ശ്രമിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ഡ്രൈവര്‍മാര്‍ ഉപേക്ഷിച്ച ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഒരു കൂട്ടം കരടികള്‍ കാറിനുള്ളില്‍ കയറി വാഹനങ്ങള്‍ കേടുപാടു വരുത്തിയതിന്റെ ചിത്രങ്ങള്‍ ബീസി കണ്‍സര്‍വേഷന്‍ ഓഫീസര്‍ സര്‍വീസ് പോസ്റ്റ് ചെയ്തിരുന്നു. കരടികള്‍ കാറുകളില്‍ അതിക്രമിച്ചു കയറി, സീറ്റുകളും മറ്റും കീറിമുറിച്ച് കേടുപാടുകള്‍ വരുത്തിയ നിരവധി റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി ബിസിസിഒഎസ് പറഞ്ഞു. അതിനാല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വാഹനങ്ങളില്‍ ഒരിക്കലും ഉപേക്ഷിക്കരുത്.
മാലിന്യങ്ങള്‍ നീക്കം ചെയ്യുക എന്നതാണ് കരടികളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ചെയ്യാവുന്ന മറ്റൊരു മാര്‍ഗം. കൂടാതെ വീടുകളിലും വാഹനങ്ങളിലും വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണം, പക്ഷികള്‍ക്കുള്ള ധാന്യങ്ങള്‍ എന്നിവ സുരക്ഷിതമായി വെക്കുവാനും കണ്‍സര്‍വേഷന്‍ ഓഫീസര്‍മാര്‍ നിര്‍ദ്ദേശിച്ചു.