ഞായറാഴ്ച രാത്രി കാല്‍ഗറിയില്‍ കവണ്‍ട്രി ഹില്‍സിലെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച യുവാവിനെ വെടിവെച്ച സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. പ്രതിക്ക് വെടിയേല്‍ക്കുന്നതിനു മുമ്പ് ഏരിയയിലെ മറ്റ് വീടുകളിലും ഇയാള്‍ കയറിയിരുന്നതായി അന്വേഷണം നടത്തുന്ന ആല്‍ബെര്‍ട്ട സീരിയസ് ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം(ASIRT) വ്യക്തമാക്കി.
രാത്രി പത്ത് മണിയോടെ കയ്യില്‍ ആയുധവുമായി യുവാവ് കവണ്‍ട്രി ഹില്‍സ് വേ നോര്‍ത്ത് ഈസ്റ്റിലെ 12100 ബ്ലോക്കിലെ ഒരു വീടിന്റെ വാതിലില്‍ മുട്ടുകയായിരുന്നു. തന്നെ ആരോ പിന്തുടര്‍ന്നുണ്ടെന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു വീട്ടുകാരെ സമീപിച്ചത്. എന്നാല്‍ സംശയം തോന്നിയ വീട്ടുടമ 911 ല്‍ വിളിച്ച് പോലീസിന്റെ സഹായം തേടി. സംഭവ സ്ഥലത്തെത്തി പോലീസിനെ കണ്ടതും യുവാവ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുത്തു. പ്രതിയെ പിടികൂടുന്നതിനിടയില്‍ ഉദ്യോഗസ്ഥര്‍ ഇയാള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഡോര്‍ബെല്‍ ഫൂട്ടേജുകളില്‍ ഇയാള്‍ വീടിനു മുന്നിലെത്തുന്ന ദൃശ്യങ്ങള്‍ വ്യക്തമാണ്.
സംഭവസ്ഥലത്ത് നിന്നും ഇയാളുടെ കയ്യിലുണ്ടായിരുന്നതെന്നു കരുതുന്ന ഗാര്‍ഡന്‍ ടൂള്‍ കണ്ടെടുത്തിട്ടുണ്ട്. വെടിവെപ്പിന് മുമ്പ് ഇയാള്‍ ഈ ഏരിയയിലെ മറ്റ് വീടുകളിലും സമീപിച്ചിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 403-592-4306 എന്ന നമ്പറില്‍ ASIRT യുമായി ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.