പണപ്പെരുപ്പ നിരക്ക് വര്‍ഷം മുഴുവന്‍ ഉയര്‍ന്ന നിലയില്‍ തുടരും: ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ 

By: 600002 On: Jul 21, 2022, 7:10 AM


കാനഡയില്‍ പണപ്പെരുപ്പ നിരക്ക് ഈ വര്‍ഷം മുഴുവനും ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന് ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മക്ലെം. രാജ്യത്ത് പണപ്പെരുപ്പത്തെ തുടര്‍ന്ന് വര്‍ധിച്ച ജീവിതച്ചെലവ് മൂലം ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ഇത് വന്‍ തിരിച്ചടിയാകും. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മക്ലെം തന്റെ വിലയിരുത്തലുകള്‍ നടത്തിയത്. 

1983 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിന്റെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് മെയ് മാസത്തിലെ 7.7 ശതമാനത്തില്‍ നിന്ന് ജൂണില്‍ 8.1 ശതമാനമായി ഉയര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഗ്യാസ് വില ഉയര്‍ന്നതാണ് കഴിഞ്ഞ മാസത്തെ പണപ്പെരുപ്പ നിരക്ക് വര്‍ധിക്കാന്‍ കാരണമായതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ മക്ലെം പറയുന്നു. തുടര്‍ന്ന് ഗ്യാസ് വില കുറഞ്ഞതോടെ ഒരു മാസത്തിനുള്ളില്‍( സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ജൂലൈയിലെ പണപ്പെരുപ്പ ഡാറ്റ പ്രസിദ്ധീകരിക്കുമ്പോള്‍) നിരക്ക് ഒരു പക്ഷേ നേരിയ തോതില്‍ കുറഞ്ഞേക്കാമെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍, ആളുകള്‍ക്ക് ആവശ്യമുളള സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സമ്പദ്‌വ്യവസ്ഥയുടെ കഴിവിനേക്കാള്‍ ഡിമാന്‍ഡാണ് മുന്നിലെന്നും ഇത് പണപ്പെരുപ്പം സൃഷ്ടിക്കുന്നത് തുടരുമെന്നും മക്ലെം പറഞ്ഞു. ജൂലൈ 13 ന് ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് 100 ബേസിസ് പോയിന്റ് 2.5 ശതമാനമായി ഉയര്‍ത്തിയിരുന്നു. 1998 ഓഗസ്റ്റിന് ശേഷം സെന്‍ട്രല്‍ ബാങ്ക് നടത്തുന്ന ഏറ്റവും വലിയ നിരക്ക് വര്‍ധനയാണിത്. അടുത്ത നിരക്ക് തീരുമാനം സെപ്റ്റംബര്‍ 7ന് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.