ഹംബോള്‍ട്ട് ബ്രോങ്കോസ് അപകടം: ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍ക്ക് പരോള്‍ അനുവദിച്ചു 

By: 600002 On: Jul 21, 2022, 6:35 AM


ഹംബോള്‍ട്ട് ബ്രോങ്കോസ് ബസ് അപകടത്തിന് കാരണക്കാരനായ  ട്രക്ക് ഡ്രൈവര്‍ക്ക് ആറ് മാസത്തെ പരോളിറങ്ങാന്‍ അനുമതി. അപകടത്തെ തുടര്‍ന്ന് ആല്‍ബെര്‍ട്ടയിലെ ബൗഡനില്‍ എട്ട് വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുന്ന ജസ്‌കിരത് സിംഗിനാണ് പരോള്‍ ഓഫ് കാനഡ പരോള്‍ അനുവദിച്ചത്. 

ബൗഡന്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ ഏഴ് മണിക്കൂര്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. അപകടത്തിനിരയായവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടരുതെന്നുള്‍പ്പെടെ എല്ലാ വ്യവസ്ഥകളും പാലിച്ചാല്‍ ജസ്‌കിരത് സിംഗ് സിദ്ദുവിന് ആറ് മാസത്തിന് ശേഷം മുഴുവന്‍ പരോളും ലഭിക്കുമെന്ന് രണ്ടംഗ ബോര്‍ഡ് പറഞ്ഞു. 

2018 ലാണ് അപകടമുണ്ടായത്. അപകടത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും, 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സസ്‌ക്കാച്ചെവന്‍ ഇന്റര്‍സെക്ഷനിലെ ട്രാഫിക് സിഗ്നലില്‍ നിര്‍ത്താതെ പോയ സിദ്ദു ഓടിച്ചിരുന്ന ട്രക്ക് ജൂനിയര്‍ ഹോക്കി ടീമിന്റെ ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് പിടിയിലായ സിദ്ദുവിന് എട്ട് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി സിദ്ദുവിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമോയെന്ന് തീരുമാനിക്കാന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി ബോര്‍ഡിന് കൈമാറണമെന്ന് മാര്‍ച്ചില്‍ ശുപാര്‍ശ ചെയ്തിരുന്നു. 

വിചാരണ വേളയില്‍ കോടതിയില്‍ വികാരഭരിതനായ സിദ്ദു ഇരകളുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചു. എന്നാല്‍ സിദ്ദുവിന് പരോള്‍ അനുവദിക്കുന്നത് അവര്‍ നിഷേധിച്ചു.