സ്വവര്‍ഗ്ഗ വിവാഹ ബില്‍ യു.എസ്. ഹൗസ് പാസ്സാക്കി. അനുകൂലിച്ചവരില്‍ 47 റിപ്പബ്ലിക്കന്‍ അംഗങ്ങളും

By: 600084 On: Jul 20, 2022, 5:37 PM

പി പി ചെറിയാൻ, ഡാളസ്.

വാഷിംഗ്ടണ്‍ഡി.സി.: സ്വവര്‍ഗ്ഗ വിവാഹത്തിനു നിയമപ്രാബല്യം നൽകുന്ന ബില്‍ ജൂലായ് 19 ചൊവ്വാഴ്ച യു.എസ്. ഹൗസ് പാസ്സാക്കി. 267 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 157 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. ഇരു പാര്‍ട്ടികളിൽ പെട്ടവരും ഈ വിഷയത്തില്‍ അനുകൂലിച്ചു വോട്ടു ചെയ്തത് അപൂര്‍വ്വ സംഭവങ്ങളില്‍ ഒന്നാണ്.

ഡമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളോടൊപ്പം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 47 അംഗങ്ങള്‍ ബില്ലിനെ അുകൂലിച്ചു വോട്ടു ചെയ്തത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ യുവഅംഗങ്ങളാണ് കൂടുതലും ബില്ലിനെ അനുകൂലിച്ചത്. സ്വവര്‍ഗ വിവാഹിതക്ക് ലഭിക്കുന്ന മൗലിക അവകാശമാണ് ഇപ്പോള്‍ നിയമമായി യു.എസ്. ഹൗസ് അംഗീകരിച്ചിരിക്കുന്നതെന്നും, ഇതില്‍ അവര്‍ക്ക് അഭിമാനിക്കാമെന്നും യു.എസ്.ഹൗസ് സ്പീക്കര്‍ നാന്‍സി പെളോസി ബില്ലിനനുകൂലിച്ചു അഭിപ്രായപ്പെട്ടു.

യു.എസ്. സെനറ്റിന്റേയും അംഗീകാരം ഇതിന് ലഭിക്കുമെന്നും നാന്‍സി പെളോസി പ്രത്യാശ പ്രകടിപ്പിച്ചു. യു.എസ്. ഹൗസ് ബില്‍ പാസ്സാക്കിയെങ്കിലും യു.എസ്. സെനറ്റില്‍ ബില്ലിന്റെ ഭാവി എന്താകുമെന്ന് പ്രവചിക്കാനാവില്ല. ഈ പാര്‍ട്ടികള്‍ക്കും 5050 എന്നതാണ് അംഗ നില. 1996 ല്‍ ബില്‍ ക്ലിന്റന്‍ ഒപ്പുവെച്ചു പ്രാബല്യത്തില്‍ വന്ന നിയമമനുസരിച്ചു നിയമപരമായ ഒരു പുരുഷനും, സ്ത്രീയും ഭാര്യാഭര്‍ത്താക്കന്മാരാകുന്നതാണ് വിവാഹം എന്ന് നിര്‍വചിച്ചിരുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി പൊതുവേയും, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ചിരുന്നില്ല. ഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായി നിലപാടു സ്വീകരിച്ച സുപ്രീംകോടതിക്ക് സ്വവര്‍ഗ്ഗ വിവാഹവാദ പ്രതിവാദങ്ങളും ഗൗരവമായി പരിഗണിക്കേണ്ടിവരും.