ഡിഷ്‌വാഷര്‍ ജോലിക്ക് ആളില്ല;  തൊഴിലാളികളെ ആകര്‍ഷിക്കാന്‍ പുതിയ ആശയവുമായി പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപിലെ ഷെഫ് 

By: 600002 On: Jul 20, 2022, 11:35 AM

 

കാനഡയില്‍ നിലവിലുള്ള തൊഴിലാളി ക്ഷാമം ബിസിനസ് ഉടമകള്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. തൊഴിലാളികളെ ആകര്‍ഷിക്കാന്‍ ഇപ്പോള്‍ പലവിധ സൂത്രപ്പണികളും, സാങ്കേതികതയും പല ബിസിനസുകാരും പയറ്റുന്നുണ്ട്. പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപിലെ ബേ ഫോര്‍ച്യൂണ്‍ ഇന്നിലെ ഷെഫ് മൈക്കല്‍ അത്തരത്തില്‍ ജോലിക്കാരെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. 

വര്‍ഷങ്ങളോളം ഡിഷ്‌വാഷര്‍ ജോലിക്കായി ആരും വരാത്ത അവസ്ഥയായിരുന്നു. അങ്ങനെയിരിക്കെയാണ് മൈക്കളിനൊരു ആശയം തോന്നിയത്. അദ്ദേഹം ജീവനക്കാരെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. കാനഡയില്‍ എവിടെ നിന്നും യോഗ്യരായ ജീവനക്കാര്‍ക്ക് തന്റെ റെസ്‌റ്റോറന്റിലും സൗറിസിന് പുറത്തുള്ള റിസോര്‍ട്ടിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു ആ പോസ്റ്റ്. പോസ്റ്റ് ഇട്ടതിനു പിന്നാലെ ഒരുമണിക്കൂറിനുള്ളില്‍ തങ്ങള്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ബയോഡാറ്റകള്‍ ലഭിച്ചുവെന്ന് മൈക്കിള്‍ പറയുന്നു. നൂറിലധികം പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. 

പ്രിന്‍സ് എഡ്വോര്‍ഡ് ദ്വീപില്‍ ടൂറിസം സീസണ്‍ പൊടിപൊടിക്കുന്നുണ്ടെങ്കിലും ഹോട്ടല്‍, റിസോര്‍ട്ട് ഉടമകള്‍ക്ക് തൊഴിലാളികളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഡിഷ്‌വാഷര്‍ ജോലി റെസ്‌റ്റോറന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ഈ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ തങ്ങള്‍ ബഹുമാനിക്കുകയും അവര്‍ക്ക് നന്നായി ഭക്ഷണം നല്‍കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ടെന്ന് സ്മിത്ത് പറയുന്നു. എന്നാല്‍ ഈ ജോലിയിലേക്ക് വരുന്നവര്‍ വളരെ കുറവാണ്. 

ഡിഷ് വാഷര്‍ ജോലിക്ക് മുഴുവന്‍ ആനുകൂല്യങ്ങളും മണിക്കൂറില്‍ 18 ഡോളര്‍ വേതനവും ലഭിക്കുന്നുണ്ട്. ഇത് ഇന്‍ഡസ്ട്രി ആവറേജിനേക്കാള്‍ കൂടുതലാണ്.