ആല്‍ബെര്‍ട്ടയില്‍ കുറ്റകൃത്യങ്ങളില്‍ ഇരകളാകപ്പെട്ടവര്‍ക്കുള്ള സഹായ, സേവനങ്ങള്‍ വിപുലീകരിക്കുന്നു 

By: 600002 On: Jul 20, 2022, 10:54 AM

 

ആല്‍ബെര്‍ട്ടയില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ഇരകളാകപ്പെട്ടവര്‍ക്കുള്ള പിന്തുണയും ധനസഹായവും സേവനങ്ങളും വിപുലീകരിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. അക്രമണങ്ങളില്‍ ഇരകളായി ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് കൂടുതല്‍ സഹായം നല്‍കാനാണ് പുതിയ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ ടൈലര്‍ ഷാന്ദ്രോ പറഞ്ഞു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരും. 

മസ്തിഷ്‌കാഘാതത്തെ നേരിടാന്‍ സഹായം ആവശ്യമുള്ള ഇരകള്‍ക്ക് പ്രതിമാസം 1,000 ഡോളര്‍ എന്ന സപ്ലിമെന്റല്‍ ആനുകൂല്യങ്ങളോടെ 100,000 ഡോളര്‍ വരെ ലഭ്യമാകും. മനുഷ്യക്കടത്തിന് ഇരകളായവര്‍ക്ക് താത്ക്കാലിക താമസത്തിനായി 1,000 ഡോളര്‍ വരെയും സ്ഥലംമാറ്റ ചെലവുകള്‍ക്കായി 5,000 ഡോളര്‍ വരെയും ലഭിക്കും. കൊലചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ചെലവാക്കിയ തുകയായി 12,500 ഡോളര്‍ വരെ നല്‍കും. ഗാര്‍ഹിക പീഡനത്തിനിരയായവര്‍ക്ക് അടിയന്തര യാത്രാ ചെലവുകള്‍ക്ക് 1,000 ഡോളര്‍ വരെ ലഭിക്കും. 

ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും ഗാര്‍ഹിക പീഡനങ്ങള്‍ക്ക് സാക്ഷികളാകുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നവര്‍ക്ക് കൗണ്‍സിലിംഗിനായി 12,000 ഡോളര്‍ വരെ അടിയന്തരമായി അനുവദിക്കും. 

അടുത്ത വര്‍ഷം മുതല്‍ ഇരകളാകപ്പെട്ടവര്‍ക്കുള്ള സേവന നടപടികള്‍ കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കാന്‍ പദ്ധതിയിടുന്നതായും മന്ത്രി വ്യക്തമാക്കി. ഇരകളുടെ സേവനങ്ങള്‍ക്കായി പ്രവിശ്യ പ്രതിവര്‍ഷം ഏകദേശം 63 മില്യണ്‍ ഡോളര്‍ ബജറ്റ് വകയിരുത്തുന്നുണ്ട്.