മാന്‍ഡേറ്ററി റാന്‍ഡം ടെസ്റ്റ്: വിമാനത്താവളങ്ങളിലെ പരിശോധന എങ്ങനെ? 

By: 600002 On: Jul 20, 2022, 10:07 AM

ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെ കാനഡയിലെ പ്രധാനപ്പെട്ട നാല് വിമാനത്താവളങ്ങളില്‍ കോവിഡ്-19 മാന്‍ഡേറ്ററി റാന്‍ഡം ടെസ്റ്റിംഗ് പുനരാരംഭിച്ചരിക്കുകയാണ്. ടൊറന്റോ, വാന്‍കുവര്‍, കാല്‍ഗറി, മോണ്‍ട്രിയല്‍ എന്നീ വിമാനത്താവളങ്ങളില്‍ എത്തുന്ന, വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്കാണ് റാന്‍ഡം ടെസ്റ്റിംഗ് നടത്തുന്നത്. ഫെഡറല്‍ ഗവണ്‍മെന്റ് ജൂണ്‍ 11 ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച നടപടിയാണ് ചൊവ്വാഴ്ച വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്. 

ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന റാന്‍ഡം ടെസ്റ്റിംഗ് മുമ്പുണ്ടായിരുന്ന പ്രക്രിയയേക്കാള്‍ വ്യത്യസ്തമാണ്. മുമ്പ്, യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ ഓണ്‍സൈറ്റ് ടെസ്റ്റിംഗിനായി കസ്റ്റംസ് റാന്‍ഡമായി മാര്‍ക്ക് ചെയ്യുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍, കസ്റ്റംസ് ഡിക്ലേഷറന്‍ പൂര്‍ത്തിയാക്കിയ പൂര്‍ണമായും വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് 15 മിനിറ്റിനുള്ളില്‍ ഇമെയില്‍ വഴി പരിശോധനയ്ക്കുള്ള അറിയിപ്പ് ലഭിക്കും. ഇവരില്‍ നിന്നും ടെസ്റ്റിനായി തെരഞ്ഞെടുക്കും. യാത്രക്കാര്‍ക്ക് അവര്‍ നില്‍ക്കുന്ന ഏരിയയില്‍ ടെസ്റ്റിന് ക്രമീകരിക്കാന്‍ സഹായിക്കുന്ന വിവരങ്ങള്‍ സന്ദേശത്തിലുണ്ടായിരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്താം. 

പരിശോധനയില്‍ ഫലം പോസിറ്റീവാണെങ്കില്‍, ടെസ്റ്റ് റിസള്‍ട്ടിന്റെ തിയതി മുതല്‍ 10 ദിവസത്തെ ഐസൊലേഷനില്‍ പോകണം. യാത്രക്കാരുടെ പ്രവിശ്യയിലോ പ്രദേശങ്ങളിലോ ഐസൊലേഷനില്‍ പോകാവുന്നതാണ്.  

പ്രാബല്യത്തില്‍ വന്നിരിക്കുന്ന നിയമങ്ങള്‍ ഭാഗികമായി വാക്‌സിനേഷന്‍ എടുത്തവര്‍ക്കും വാക്‌സിനേഷന്‍ എടുക്കാത്ത യാത്രക്കാര്‍ക്കുമുള്ള പ്രക്രിയയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇവര്‍ വിമാനത്താവളത്തിനു പുറത്ത് എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയിരിക്കണം. പൂര്‍ണമായും വാക്‌സിനേഷന്‍ എടുക്കാത്ത യാത്രക്കാര്‍ നിര്‍ബന്ധിത 14 ദിവസ ക്വാറന്റീനില്‍ പ്രവേശിക്കണം. ഇവര്‍ ആദ്യ ദിവസങ്ങളിലും എട്ടാം ദിവസവും പരിശോധനയ്ക്ക് വിധേയരാകണം.