ആൾമാറാട്ടം നടത്തി നീറ്റ് പരീക്ഷ; മെഡിക്കൽ സീറ്റ് തട്ടിപ്പ് സംഘം പിടിയിൽ

By: 600021 On: Jul 20, 2022, 8:14 AM

രാജ്യത്ത് മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം പിടിയിലായി. ആൾമാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതുന്നതു മുതൽ സീറ്റ് ഉറപ്പിക്കുന്നതു വരെയുള്ള ഇടപാടുകൾ നടത്തുന്നതും വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്നതുമായ സംഘത്തിലെ എട്ടു പേരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് തട്ടിപ്പ് നടന്നത്. വിദ്യാർഥികൾക്കു പകരം ആൾമാറാട്ടം നടത്തിയ വിദഗ്ധരാണ് പരീക്ഷ എഴുതിയത്. പരീക്ഷ എഴുതുന്ന ആൾക്ക് 5 ലക്ഷം രൂപ ഉൾപ്പെടെ ഒരു സീറ്റിന് 20 ലക്ഷം രൂപയാണ് സംഘം ഈടാക്കുന്നത്. ആൾമാറാട്ടം നടത്തി എഴുതിയ ആറ് ഉത്തരക്കടലാസുകളും പിടിച്ചെടുത്തു.
 
ആൾമാറാട്ടം നടത്തി പരീക്ഷ എഴുതുന്നതിന് ആളുകളെ നിയമിക്കുകയും പണമിടപാട് നടത്തുകയും ചെയ്തത് സുശീൽ രാജൻ എന്നയാളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ സംഘത്തിൽ 11 പേരാണ് ഉള്ളത്. സംഭവത്തിൽ പരിശീലന കേന്ദ്രങ്ങളുടെ ഇടപെടലുകളും നിരീക്ഷിച്ചുവരികയാണ്. തട്ടിപ്പ് തടയാൻ പരീക്ഷാ കേന്ദ്രങ്ങളിൽ വൻ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.  ഇതെല്ലാം മറികടന്നാണ് വിദ്യാർഥികൾക്ക് പകരം മറ്റുള്ളവർ പരീക്ഷ എഴുതിയത്. ഫോട്ടോ മോർഫ് ചെയ്യുന്നതും പരീക്ഷാ കേന്ദ്രം മാറ്റുന്നതുമുൾപ്പെടെ നിരവധി അനധികൃത ഇടപാടുകൾ സംഘം നടത്തിയതായും കണ്ടെത്തി. ജൂലൈ 17നായിരുന്നു നീറ്റ് പരീക്ഷ നടന്നത്.