ഹരിയാനയിൽ അനധികൃത ഖനനം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ വണ്ടിയിടിച്ച് കൊലപ്പെടുത്തി

By: 600021 On: Jul 20, 2022, 8:10 AM

ഹരിയാനയിലെ നൂഹില്‍ അനധികൃത ഖനനം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ മാഫിയാ സംഘം വാനിടിച്ച് കൊലപ്പെടുത്തി. തൗറു ഡി.എസ്‍.പി ആയ സുരേന്ദർ സിംഗ് ബിഷ്‌ണോയ് ആണ് കൊല്ലപ്പെട്ടത്. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.
 
ഖനനം ചെയ്ത കല്ല് കൊണ്ടുപോവുന്നത് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനു നേർക്ക് മാഫിയാ സംഘം വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ഡി.എസ്‍.പി സുരേന്ദർ സിംഗ് ബിഷ്‌ണോയ് തൽക്ഷണം മരിച്ചു. സ്ഥലത്ത് അനധികൃത ഖനനം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയത്. സംഭവത്തെ തുടർന്ന്   വാഹനം നിര്‍ത്തി ഓടി രക്ഷപ്പെട്ട ഡ്രൈവറെ പിന്നീട് പൊലീസ് ഏറ്റുമുട്ടലിനൊടുവിൽ പിടികൂടുകയായിരുന്നു.
 
കൊല്ലപ്പെട്ട സുരേന്ദർ സിംഗിന്റെ കുടുംബത്തിന് ഹരിയാന സർക്കാർ  ഒരു കോടി രൂപ  ധനസഹായം പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി പറഞ്ഞു. അനധികൃത ഖനന മാഫിയയുടെ സിരാകേന്ദ്രമായ ഹരിയാനയിലെ നൂഹിൽ പൊലീസിനെതിരെയുള്ള ആക്രമണവും പതിവാണ്. പ്രതിവർഷം ശരാശരി, 50 കേസുകളെങ്കിലും ഇവിടെ ഇത്തരത്തിൽ റിപ്പോ‍ർട്ട് ചെയ്യപ്പെടുന്നുണ്ട്.