പോലീസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തി തട്ടിപ്പ്: മുന്നറിയിപ്പുമായി നോര്‍ത്ത് വാന്‍കുവര്‍ ആര്‍സിഎംപി 

By: 600002 On: Jul 20, 2022, 8:05 AM

നോര്‍ത്ത് വാന്‍കുവറില്‍ പോലീസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തുന്നയാളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി നോര്‍ത്ത് വാന്‍കുവര്‍ ആര്‍സിഎംപി. പോലീസിന്റെ വേഷത്തില്‍ എത്തുന്ന ഇയാള്‍ വാഹനം തടഞ്ഞുവെച്ച് ഡ്രൈവറില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 

ചുവപ്പും നീലയും ഫ്‌ളാഷ് ലൈറ്റുകളുള്ള ഒരു ഷെവര്‍ലെ ടാഹോയിലാണ് വ്യാജ പോലീസായി ചമഞ്ഞ് ഇയാള്‍ എത്തിയത്. തുടര്‍ന്ന് പോലീസ് എന്ന് എഴുതിയ വേഷവും തൊപ്പിയും ധരിച്ച 25 നും 30 നും ഇടയില്‍ പ്രായം തോന്നിക്കുന്ന ഇയാള്‍ റോഡില്‍ വാഹനം തടഞ്ഞുവെക്കുകയും ഡ്രൈവറോട് സെല്‍ഫോണില്‍ ജിപിഎസ് ഉപയോഗിച്ചതിന് പിഴ ഈടാക്കുന്നതായും പറഞ്ഞുവെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇയാള്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് മെഷീന്‍ ഉപയോഗിച്ച് നിയമലംഘനത്തിനുള്ള പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടാതായും പോലീസ് പറഞ്ഞു. എന്നാല്‍ ഡ്രൈവര്‍ക്ക് ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഉടന്‍ അവിടെ നിന്നും വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. ഇത്തരത്തില്‍ വാഹനങ്ങള്‍ തടഞ്ഞുവെച്ച് പണം തട്ടുന്നവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജാഗ്രതയുള്ളവരായിരിക്കണണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. 

പോലീസ് ഒരിക്കലും വാഹനം തടഞ്ഞുവെച്ച് ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ ഇത്തരത്തില്‍ ഈടാക്കുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏതെങ്കിലും തരത്തില്‍ പോലീസ് എന്ന് പറഞ്ഞ് ഇതുപോലെ പണം തട്ടാന്‍ ശ്രമം നടക്കുകയാണെങ്കില്‍ ഉടന്‍ പോലീസില്‍ വിവരം അറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.