ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മങ്കിപോക്‌സ് പരിശോധന ആരംഭിച്ചു

By: 600021 On: Jul 20, 2022, 7:39 AM

കേരളത്തിൽ മങ്കിപോക്സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആലപ്പുഴയിൽ പ്രവർത്തിക്കുന്ന നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന ആരംഭിച്ചത്. സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ പൂണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ടെസ്റ്റ് കിറ്റുകൾ എത്തിച്ചാണ് പരിശോധന ആരംഭിച്ചത്. ജില്ലകളിൽ നിന്നുള്ള സാമ്പിളുകൾ ആലപ്പുഴ എൻ.ഐ.വി യിലേക്ക് അയച്ച് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പുതുതായി റിപ്പോർട്ട് ചെയ്ത വൈറൽ രോഗമായതിനാൽ അതീവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
 
ഇനി മുതൽ എൻ.ഐ.വി പൂണെയിലേക്ക് സാമ്പിളുകൾ അയയ്ക്കുന്നത് കൊണ്ടുള്ള കാലതാമസം ഒഴിവാക്കാനാകും. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ 28 ലാബുകളിൽ ആർ.ടി.പി.സി.ആർ പരിശോധനാ സൗകര്യമുണ്ട്. കേസുകൾ കൂടുകയാണെങ്കിൽ കൂടുതൽ ലാബുകളിൽ മങ്കിപോക്സ് സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
 
ആർ.ടി.പി.സി.ആർ പരിശോധനയിലൂടെയാണ് മങ്കിപോക്സ് സ്ഥിരീകരിക്കുന്നത്. ആർ.ടിപി.സി.ആർ സാങ്കേതികവിദ്യ ഉപയോഗിച്ച് വൈറസിന്റെ ജനിതക വസ്തുവായ ഡി.എൻ.എ കണ്ടെത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. മങ്കിപോക്സിന് രണ്ട് പി.സി.ആർ പരിശോധനകളാണ് നടത്തുന്നത്. പോക്സ് ഗ്രൂപ്പിൽപ്പെട്ട വൈറസ് കണ്ടുപിടിക്കാനുള്ള ആർ.ടി.പി.സി.ആർ പരിശോധനയാണ് ആദ്യം നടത്തുന്നത്. ആദ്യ പരിശോധനയിൽ പോസിറ്റീവായാൽ തുടർന്ന് മങ്കിപോക്സ് സ്ഥിരീകരിക്കുന്ന പരിശോധന നടത്തും.