ഒന്നിലധികം ഹൃദയ ശസ്ത്രക്രിയകള്‍, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍, ദീര്‍ഘകാലം നീണ്ട ചികിത്സകള്‍...എല്ലാത്തിനുമൊടുവില്‍ ടൊറന്റോ സ്വദേശിനിയായ മറിയം ടാന്നസ് എന്ന 12കാരി ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. കാനഡയില്‍ പൂര്‍ണമായി കൃത്രിമ ഹൃദയം വെച്ച് പിടിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഇപ്പോള്‍ മറിയം ടാന്നസ്. ലോകത്തില്‍ തന്നെ കൃത്രിമ ഹൃദയം സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിലൊരാളായിരിക്കുകയാണ് ഈ ബാലിക.
ടൊറന്റോയിലെ ഹോസ്പിറ്റല്‍ ഫോര്‍ സിക്ക് ചില്‍ഡ്രനിലെ ഡോക്ടര്‍മാരാണ് കൃത്രിമ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ണമായി വിജയത്തിലേക്കെത്തിച്ചത്. മുന്‍കാല ട്രാന്‍സ്പ്ലാന്റ് പരാജയപ്പെടാന്‍ തുടങ്ങിയപ്പോള്‍ അവളുടെ ജീവന്‍ രക്ഷിക്കാനുള്ള അവസാനത്തെ പരീക്ഷണം എന്ന നിലയിലാണ് പൂര്‍ണ കൃത്രിമ ഹൃദയം ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ തീരുമാനിച്ചത്. നിലവിലെ കൃത്രിമ ഹൃദയത്തിന്റെ രൂപകല്‍പ്പന മുതിര്‍ന്നവര്‍ക്കിണങ്ങുന്ന തരത്തിലുള്ളവയാണ്. അതിനാല്‍ ചെറിയ കുട്ടിയില്‍ ഇത് പരീക്ഷിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ഒസാമി ഹോന്‍ജ പറയുന്നു. നെഞ്ചിനുള്ളില്‍ കൃത്രിമ ഹൃദയം ഇംപ്ലാന്റ് ചെയ്തതിനു ശേഷം ശരിയായി അടയ്ക്കാന്‍ കഴിയാത്തത്ര വലുതായതിനാല്‍ ദിവസങ്ങളോളം അറ തുറന്നു തന്നെ ഇടേണ്ട അവസ്ഥയുണ്ടായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
മറിയം അത്ഭുതമാണ്, ശക്തയായ പെണ്‍കുട്ടിയാണ്, അവള്‍ ജീവിതത്തെ സ്‌നേഹിക്കുന്നുവെന്ന് അവളുടെ അമ്മ അന്റൗവന്‍ അദ്വാര്‍ പറഞ്ഞു. ഒരുപാട് പ്രാര്‍ത്ഥനകള്‍ക്കും ഒപ്പം ഡോക്ടര്‍മാരുടെ ഇടപെടലുകളും തന്റെ മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗ്രേഡ് 7 ല്‍ പഠിക്കുന്ന മറിയ ടാന്നസ് ജന്മാ ഹൃദ്രോഗ ബാധിതയാണ്. രണ്ട് തരത്തിലുള്ള രോഗങ്ങളാണ് മറിയത്തിനുണ്ടായിരുന്നത്. മൂന്നാം വയസ്സില്‍ ഓപ്പണ്‍-ഹാര്‍ട്ട് സര്‍ജറിയും ഏഴാം വയസ്സില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും നടത്തി. എന്നാല്‍ 11 വയസ്സില്‍ ഹൃദയസ്തഭനമുണ്ടായി. ഇതിനെ തുടര്‍ന്നാണ് കൃത്രിമ ഹൃദയം സ്ഥാപിക്കുക എന്ന വളരെ വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയയ്ക്ക് അവള്‍ തയാറായത്.
ഇപ്പോള്‍ അവള്‍ ആരോഗ്യവതിയും സന്തോഷവതിയുമാണ്. അവളുടെ പ്രായത്തിലെ മറ്റ് കുട്ടികളെപോലെ തന്നെ ചിരിച്ച് കളിക്കാന്‍ അവള്‍ക്കിപ്പോഴാകും. എങ്കിലും തുടര്‍ച്ചയായ വെല്ലുവിളികളെ മറിയം അതിജീവിക്കേണ്ടതായി വന്നേക്കാമെന്ന് ഡോ. ഹോന്‍ജോ പറയുന്നു. ജീവിതകാലം മുഴുവന്‍ രോഗപ്രതിരോധ മരുന്നുകള്‍ കഴിക്കേണ്ടതായി വരും. എങ്കിലും ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ വളരെ ആരോഗ്യത്തോടെയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.