കമ്പ്യൂട്ടർ വൈറസ് ഉപയോഗിച്ച് ബാങ്കിംഗ് തട്ടിപ്പ്; ഒന്റാരിയോയിൽ സ്ത്രീയ്ക്ക് 60,000 ഡോളർ നഷ്ടപ്പെട്ടു

By: 600021 On: Jul 20, 2022, 7:01 AM

ഒന്റാരിയോയിൽ വൈറസ് പോപ് അപ്പിലൂടെ ലാപ്ടോപ് പ്രവർത്തനം തടസപ്പെടുത്തി നടത്തിയ ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പിൽ വയോധികയ്ക്ക് 60,000 ഡോളർ നഷ്ടമായതായി റിപ്പോർട്ട്‌.  എറ്റോബിക്കോയിലെ കാതറീന മ്യൂർ എന്ന സ്ത്രീയാണ് തട്ടിപ്പിനിരയായത്.
 
കഴിഞ്ഞ മാസം ജോലി ചെയ്യുന്നതിടെ മ്യൂറിന്റെ ലാപ്ടോപിൽ വൈറസ് കയറി പ്രവർത്തനം തടസപ്പെട്ടതായി പോപ്അപ്പ് സന്ദേശം വരികയായിരുന്നു. സഹായത്തിനായി നൽകിയിരുന്ന നമ്പറിൽ അവർ ബന്ധപ്പെട്ടപ്പോൾ സ്‌കോഷ്യാ ബാങ്കിന്റെ ഫ്രോഡ് ഡിപ്പാർട്മെന്റ്  ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ സംസാരിച്ചത്. ഹോങ്കോങ്ങിൽ  ചൈൽഡ് പോൺ വാങ്ങുന്നതിന് മ്യൂറിന്റെ പേരും ബാങ്കിംഗ് വിവരങ്ങളും ഉപയോഗിക്കുന്നതായി ഇയാൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.10000 ഡോളർ ഇതേ ഹോങ്കോംഗ് ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചാൽ കുറ്റവാളികളെ ട്രേസ് ചെയ്യാൻ കഴിയുമെന്ന് വിശ്വസിപ്പിച്ചതിനെ തുടർന്ന് മ്യൂർ പണം നൽകി. എന്നാൽ കുറ്റവാളികളെ പിടികൂടാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടന്നും 50000 ഡോളർ കൂടി നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. തന്റെ ബാങ്കിലെ ഉദ്യോഗസ്ഥനാണ് സംസാരിക്കുന്നതെന്ന ധാരണയിൽ അവർ വീണ്ടും പണം കൈമാറുകയായിരുന്നു. അക്കൗണ്ടിലേക്ക് പണം തിരികെ ലഭിക്കാത്തത് അന്വേഷിക്കാൻ സ്‌കോഷ്യ ബാങ്കിന്റെ പ്രാദേശിക ശാഖയിൽ എത്തിയപ്പോഴാണ് തട്ടിപ്പിനിരയായതായി മ്യൂറിന് മനസിലായത്.
 
സ്വകാര്യത മൂലം നിർദ്ദിഷ്ട ഉപഭോക്തൃ കാര്യങ്ങളിൽ സ്കോഷ്യാബാങ്കിന് അഭിപ്രായം പറയാൻ കഴിയില്ലെന്ന് ബാങ്ക് മീഡിയ റിലേഷൻസ് ആൻഡ് ഇഷ്യൂസ് മാനേജ്‌മെന്റ് മാനേജർ കാറ്റി റസ്‌കിന പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തേക്കുറിച്ച് സ്കോഷ്യാബാങ്ക് അന്വേഷണം നടത്തുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾ തിരിച്ചറിയാനും നിരസിക്കാനും റിപ്പോർട്ടു ചെയ്യാനും സഹായിക്കുന്ന ഉറവിടങ്ങൾക്കും ടിപ്പുകൾക്കുമായി ഉപഭോക്താക്കൾക്ക് www.scotiabank.com/security സന്ദർശിക്കാവുന്നതാണ്.