2021 വര്‍ഷത്തിലെ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ എട്ടാം സ്ഥാനം നിലനിര്‍ത്തി കനേഡിയന്‍ പാസ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് പുറത്തിറക്കിയ പുതിയ പാസ്പോര്‍ട്ട് ഇന്‍ഡക്സ് പട്ടിക യിലാണ് ലോകത്തിലെ ശക്തമായ പാസ്പോര്ട്ടുകള് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓസ്ട്രേലിയ, ഗ്രീസ്, ചെക്ക് റിബ്ബപ്ലിക്, മാള്‍ട്ട എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് കനേഡിയന്‍ പാസ്പോര്‍ട്ട് എട്ടാം സ്ഥാനം പങ്കിട്ടിരിക്കുന്നത്. പട്ടികയില്‍ മുന്‍നിരയിലുള്ളത് മൂന്ന് ഏഷ്യന്‍ രാജ്യങ്ങളാണ്.
2020 ല്‍ ഒന്‍പതാം സ്ഥാനത്തായിരുന്ന കനേഡിയന്‍ പാസ്പോര്‍ട്ട് 2021 ല്‍ ഒരു സ്ഥാനം മുമ്പിലേക്ക് കയറി എട്ടാം സ്ഥാനത്ത് ഇടം പിടിച്ചു. ഈ വര്‍ഷവും ഈ സ്ഥാനം കാനഡ നിലനിര്‍ത്തി. 2014 ല്‍ ഏറ്റവും കരുത്തുള്ള രണ്ടാമത്തെ പാസ്പോര്‍ട്ടായി കനേഡിയന്‍ പാസ്പോര്‍ട്ടിനെ തെരഞ്ഞെടുത്തിരുന്നു.
ഈ വര്‍ഷത്തെ കണക്കനുസരിച്ച്, കനേഡിയന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ 185 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ഏറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട് ജപ്പാന്റേതാണ്. 193 രാജ്യങ്ങളില്‍ ജാപ്പനീസ് പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ പ്രവേശിക്കാന്‍ കഴിയും. സിംഗപ്പൂരും ദക്ഷിണകൊറിയയുമാണ് രണ്ടാം സ്ഥാനത്ത്(192 രാജ്യങ്ങളിലേക്ക് പ്രവേശിക്കാം).