ചൂട് കൂടുന്നു; നാല് പ്രവിശ്യകളിൽ ഹീറ്റ് വാണിംഗ് നൽകി എൻവയോൺമെന്റ് കാനഡ 

By: 600007 On: Jul 19, 2022, 7:43 PM

ഒന്റാരിയോ, മാനിറ്റോബ, സസ്‌കാച്ചെവൻ, ക്യൂബെക്ക് എന്നീ നാല് പ്രവിശ്യകളിൽ ഹീറ്റ് വാണിംഗ് മുന്നറിയിപ്പുമായി എൻവയോൺമെന്റ് കാനഡ. ഒന്റാരിയോയുടെയും ക്യുബെക്കിന്റെയും പല ഭാഗങ്ങളിലും താപനില 30 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഉയരുന്ന ചൂട് കണക്കിലെടുത്ത് ടൊറന്റോയിൽ ചൊവ്വാഴ്ച അർദ്ധരാത്രി വരെ ഏഴ് പൂളുകൾ പൊതു ജനങ്ങൾക്കായി തുറന്നിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 

വടക്കൻ മാനിറ്റോബയുടെ ചില ഭാഗങ്ങളിൽ ഹീറ്റ് വാണിംഗും കാട്ടുതീ മൂലമുള്ള പുക കാരണം സ്പെഷ്യൽ എയർ ക്വാളിറ്റി സ്റ്റേറ്റ്മെന്റും നൽകിയിട്ടുണ്ട്. 20 ചതുരശ്ര കിലോമീറ്ററിൽ അധികം പ്രദേശങ്ങളിൽ വലിയ കാട്ടുതീ പടർന്നിരിക്കുന്ന ബീ.സിയിലെ ലിറ്റണിലും സ്പെഷ്യൽ എയർ ക്വാളിറ്റി സ്റ്റേറ്റ്മെന്റ്  പുറപ്പെടുവിച്ചിട്ടുണ്ട്.

അതിനിടെ, തെക്കൻ മാനിറ്റോബയുടെ ചില ഭാഗങ്ങളിൽ ചൊവ്വാഴ്ച ശക്തമായ മഴയും ചുഴലിക്കാറ്റുകൾക്ക് അനുയോജ്യമായ സാഹചര്യം ഉണ്ടാകുവാൻ സാധ്യതയുള്ളതായി എൻവയോൺമെന്റ് കാനഡ പറയുന്നു. പ്രവിശ്യയിലെ ചില കമ്മ്യൂണിറ്റികളിൽ വാരാന്ത്യത്തിൽ റെക്കോർഡ് ബ്രേക്കിംഗ് താപനിലയാണ് അനുഭവപ്പെട്ടത്. വിന്നിപെഗിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന ഡൊമിനിയൻ സിറ്റിയിൽ 1942-ലെ 32.2 ഡിഗ്രി സെൽഷ്യസ് എന്ന മുൻ റെക്കോർഡിനെ മറികടന്ന്, ജൂലൈ 17 ന് താപനില 34.2 ഡിഗ്രി സെൽഷ്യസിൽ എത്തി.