കാനഡയില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നുണ്ട്. വന്‍കിട ബാങ്കുകളിലെ ഉദ്യോഗസ്ഥരെ പോലെ നടിച്ച് തട്ടിപ്പ് നടത്തുന്നതുള്‍പ്പെടെ നിരവധി ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകളാണ് നടക്കുന്നത്. ബാങ്കുകളില്‍ നിന്ന് വളരെ ആധികാരികമെന്ന് തോന്നുന്ന സന്ദേശങ്ങളും ഇമെയിലുകളും ലഭിച്ചേക്കാം. ഇപ്പോള്‍ പുതിയ തരം തട്ടിപ്പിന്റെ രീതിയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിക്കുന്നു. പുതിയ തട്ടിപ്പ് രീതിയില്‍ ഫോണ്‍ വിളിച്ച് എല്ലാ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും പൂജ്യം ശതമാനം പലിശ ലഭിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തട്ടിപ്പിന് സാക്ഷിയായവരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മിക്ക് ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഡിസ്കൗണ്ടുകളും റിവാര്‍ഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് ഹ്രസ്വകാല പലിശരഹിത ക്രെഡിറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സൗകര്യങ്ങള്‍ മുതലെടുത്താണ് തട്ടിപ്പുകാര്‍ ഉപയോക്താക്കളില്‍ നിന്നും പണം മോഷ്ടിക്കുന്നത്.
ബാങ്കുകളില്‍ നിന്നെന്നു പറഞ്ഞ് വരുന്ന ഇത്തരം കോളുകള്‍ ആധികാരികമാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം പ്രതികരിക്കുക. ഒരു കാരണവശാലും കാര്‍ഡ് വിശദാംശങ്ങളോ മറ്റ് വിവരങ്ങളോ നല്‍കരുത്. എന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ പിന്നീട് പ്രതികരിക്കാതിരിക്കുക.