'അന്ന് ഈ തെരുവിലായിരുന്നു' അബ്രഹാം ജോർജ് എഴുതിയ കഥ.

By: 600009 On: Jul 19, 2022, 5:06 PM

എഴുതിയത് : അബ്രഹാം ജോർജ്, ചിക്കാഗോ.

അന്ന് ഈ തെരുവിലായിരുന്നു പപ്പേട്ടൻ്റെ മരണം. പപ്പേട്ടൻ (പാപ്പച്ചൻ ) സ്ഥലത്തെ പ്രമാണിയായിരുന്നു. എല്ലാവർക്കും വേണ്ടപ്പെട്ടവൻ. ദേശത്തെ വഴക്കിനും വക്കാണത്തിനും ഒത്തുതീർപ്പ് കൽപ്പിക്കുന്നോൻ. നാടിന് വേണ്ടപ്പെട്ടോൻ. തിരുവായ്ക്ക് എതിർവാ ഉണ്ടായിരുന്നില്ല. അങ്ങനെയൊരു മനുഷ്യനെയാണ് വെട്ടിനുറുക്കിയത്. ശരീരം മുഴുവൻ വെട്ടേറ്റെങ്കിലും അന്നേരം മരിച്ചില്ലായിരുന്നു. നേരിയയൊരു ജീവൻ ബാക്കി നിന്നു. ആരൊക്കയോ കൂടി, കെട്ടിപ്പെറുക്കി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാ, മരണം. പോകുന്ന വഴിയേ ആരുടെയൊക്കെയോ പേരു പറഞ്ഞന്നാണ് കേൾവി.

പോസ്റ്റ്മാർട്ടം കഴിഞ്ഞ് ശവശരീരം വീട്ടുമുറ്റത്ത് എത്തുമ്പോൾ, ദേശത്തുള്ള ജനം മുഴുവനും വന്നുകൂടി. വലിയൊരു വിലാപയാത്രയായിട്ടാണ് പള്ളി സെമിത്തേരിയിലേക്ക് ശവം കൊണ്ടുപോയത്, സ്ത്രീകൾ മുക്രയിട്ട് കരഞ്ഞു. എന്തിനാണ് പപ്പേട്ടനെ കൊന്നതെന്ന് അന്ന് എനിക്ക് ഒരു പിടിയുമുണ്ടായില്ല. നാൽവർസംഘം വളഞ്ഞിട്ടാണ് വെട്ടിക്കൊന്നതെന്ന് കേട്ടിരുന്നു. പലരും പറഞ്ഞു "രാഷ്ട്രീയ വൈരാഗ്യമാണന്ന്." മനുഷ്യരെ കൊന്നു തള്ളാൻ മാത്രം തീഷ്ണത, രാഷ്ട്രീയത്തിന് ഉണ്ടെന്നുള്ള കാര്യം അന്ന് മനസ്സിലായിരുന്നില്ല.

മുനിസിപ്പാലിറ്റിക്കാർ, ലോറിയിൽ കുടിവെള്ളം കൊണ്ടുവന്ന് നിറക്കുന്ന ടാങ്കിനടുത്തായിട്ടാണ് വെട്ടിക്കുത്ത് നടന്നത്. സമയം രാത്രി ഒമ്പത് കഴിഞ്ഞിരുന്നു. ആ സ്ഥലത്ത് രക്തം തളം കെട്ടിക്കിടന്നു. പിന്നീട് ആ വശത്തുകൂടി പോകാൻ എനിക്ക് പേടിയായിരുന്നു. എനിക്കു മാത്രമല്ല എല്ലാവർക്കും ഭയം കലശലായിട്ടുണ്ടായിരുന്നു. ധാരാളം പ്രേതകഥകൾ നിറഞ്ഞു കിടന്ന കാലമായിരുന്നുയത്. പലരും വെള്ളപുതച്ച രൂപം കണ്ട്, കൂരക്കുള്ളിൽ പനി പിടിച്ച് വിറങ്ങലിച്ചു കിടന്നതായ കഥകൾ കേട്ടിരുന്നു. മുനിസിപ്പാലിറ്റി വെള്ളം എടുക്കാൻ ആളില്ലാതെയായി. കുളത്തിലെയും കിണറ്റിലെയും വെള്ളം കൊണ്ട് നാട്ടുകാർ തൃപ്തിപ്പെട്ടു. വേണമെങ്കിൽ മുനിസിപ്പാലിറ്റി വെള്ളം പകൽ കൊണ്ടുവാടാ മൈരന്മാരെയെന്ന് വേലൻ ഗോപി അലറി പറഞ്ഞു. വെറുതെ പുളുത്താനല്ലാ ഞങ്ങൾ നികുതിപ്പണം കൊടുക്കുന്നതെന്നും പറഞ്ഞൊപ്പിച്ചു. പോലിസ് കേസ്സ് എടുത്തെങ്കിലും കാര്യമായ മുന്നേറ്റമുണ്ടായില്ല. നേതാക്കന്മാരുടെ തല ചൊറിഞ്ഞും കൂതി മാന്തിക്കൊടുത്തും നടന്ന ഏമാന്മാര് കേസ്സിൻ്റെ കാര്യത്തിൽ ഒഴപ്പി.

കൈവെള്ളയിലെ രേഖ പോലെ തെളിഞ്ഞു കിടക്കുന്ന പ്രതികളെ പിടിക്കാനെന്താ ഇത്ര വിഷമമെന്ന് ജനം ഘോഷിച്ചു. നേതാക്കന്മാരുടെ അണ്ടി ചൊറിഞ്ഞു കൊടുക്കുന്ന ഏമാന്മാർക്ക്, നസ്രാണികളുടെ ചൂര് അറിയില്ലായെന്നു വരെ ഗീവർഗ്ഗീസ് മാപ്പിള പൊതുറോഡിൽ നിന്ന് അട്ടഹസിച്ചു.

ജനരോഷം കടുത്തപ്പോൾ മോളിൽ നിന്നുള്ള ഓർഡർ വന്നു. എത്രയും വേഗം പ്രതികളെ കണ്ടെത്തിയില്ലായെങ്കിൽ അന്വേഷണ ചുമതല സ്ഥലം മേധാവിയിൽ നിന്നും മാറ്റുമെന്നുവരെയായി. പോലീസിൻ്റെ അന്വേഷണ ത്വര വർദ്ധിച്ചു. ഒളിവിൽ കഴിയുന്ന പ്രതികളെ പിടിക്കുമെന്ന ഘട്ടമെത്തി. നിവർത്തിയില്ലാതായപ്പോൾ പ്രതികൾ കീഴടങ്ങാമെന്ന തീരുമാനത്തിലെത്തി. അന്നേരം പാർട്ടി നേതാവ് പറഞ്ഞു "നിങ്ങൾ നാലുപേരും കൂടി ജയിലിൽ പോയിട്ടെന്ത് കിട്ടാനാ, ആരെങ്കിലും ഒരാൾ കുറ്റം ഏറ്റെടുത്താൽ പേരെ, മറ്റുള്ളവർ നാട്ടിൽ രാഷ്ട്രീയ പ്രവർത്തനം നടത്തട്ടെ, എന്താ നിങ്ങളുടെ അഭിപ്രായം, ജയിലിൽ ബുദ്ധിമുട്ടില്ലാതെ കഴിയാനുള്ള ഏർപ്പാടും ഉണ്ടാക്കി തരാം."

"കുറ്റം ഞാൻ ഏറ്റെടുക്കാം"  രാഘവൻ പറഞ്ഞു. "പാർട്ടിക്ക് വേണ്ടിയല്ലേ, അതിലെനിക്ക് വിഷമവുമില്ല, തൂക്കു കയറ് കിട്ടിയാലും എനിക്ക് വേദനയില്ല, പക്ഷെ എൻ്റെ കുടുംബത്തിലെ കാര്യം" രാഘവൻ ഓർമ്മിപ്പിച്ചു.

"അത് പ്രത്യേകിച്ച് എടുത്ത് പറയേണ്ട കാര്യമുണ്ടോ രാഘവാ.. അത് പാർട്ടിയേറ്റിരിക്കും," നേതാവ് തറപ്പിച്ച് പറഞ്ഞു.

രാഘവൻ കുറ്റം സമ്മതിച്ചതോടെ നാട്ടിലെ കൊടുങ്കാറ്റ് തൽക്കാലത്തേക്ക് അവസാനിച്ചു. രാഘവന് ആദ്യം തൂക്കുകയർ തന്നെ കിട്ടിയെങ്കിലും ദയാർജിയിൽ ജീവപര്യന്ത്യമായി കുറഞ്ഞു. നാലു പേരുണ്ടായിട്ട് ഒരാൾ മാത്രം കുറ്റം സമ്മതിച്ചതെന്തിനാണന്ന ചിന്തയെന്നെ വല്ലാതെയന്ന് അലട്ടി.

ഞാൻ മുതിർന്നപ്പോൾ രാഘവൻ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തുണ്ട്. പലവിധ ആനുകൂല്യങ്ങൾ കിട്ടിയാണ് ജീവപര്യന്തം ആറു വർഷമായി ചുരുക്കി പുറത്തുവന്നത്. അപ്പോളെക്കും ആയാൾ പാർട്ടിയുടെ "സമുന്നത നേതാവായി കഴിഞ്ഞിരുന്നു.'' അക്കാലത്ത് രാഘവനുമായി അടുക്കുവാനെനിക്ക് അവസരമുണ്ടായി. അയാളൊരു നല്ല മനുഷ്യനായി മാറി കഴിഞ്ഞിരുന്നു. രാഘവൻ രഹസ്യങ്ങളുടെ കെട്ടഴിച്ചു. അന്നത്തെ കൊലപാതകം പകപോക്കലായിരുന്നു. അയാളുടെ ഹുങ്ക് അവസാനിപ്പിക്കേണ്ടത് പാർട്ടിക്ക് ആവശ്യമായി വന്നു. ആ രഹസ്യമെന്താണന്ന് എനിക്കറിയില്ലായിരുന്നു, പാർട്ടി പറഞ്ഞു, ഞങ്ങൾ ചെയ്തു. കുറ്റം ഞാനെറ്റെടുത്തത്, "എല്ലാവരും കൂടി ജയിലിൽ പോയിട്ടെന്തിനാണന്നുള്ള ചിന്തയായിരുന്നു.'' അതിന് പാർട്ടിയുടെ അകമഴിഞ്ഞ സഹായവുമുണ്ടായിരുന്നു. എൻ്റെ മനസ്സ് നീറിയെങ്കിലും ഞാനൊന്നും പറഞ്ഞില്ല.

കൊലപാതകം ചെയ്യുക, രാഷ്ട്രീയ പാർട്ടിക്കനുകൂലമായി രീതിയിൽ പ്രവർത്തിക്കുക. ഏറ്റവും എളുപ്പത്തിൽ ജയിൽ മോചിതരാക്കുക. ജയിൽ മോചിതരായാൽ സമുന്നത രാഷ്ട്രീയ സ്ഥാനം കൊടുക്കുക. അവരാണ് നമ്മളുടെ  ജനസേവകർ. അതവർക്ക് ഒരലങ്കാരവും, അഹങ്കാരവും കൂടിയാണന്നുള്ളത് മറ്റൊരു വസ്തുത.