ഘാനയിൽ മാർബർഗ് വൈറസ് സ്ഥിരീകരിച്ചു

By: 600021 On: Jul 19, 2022, 3:14 PM

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ അശാന്‍റിയിൽ രണ്ട് പേർക്ക് മാർബർഗ് വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് രോഗികളും മരിച്ചതായി ഘാനയിലെ ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു. സെനഗലിലെ ലാബോറട്ടറിയിൽ നടന്ന പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുമായി സമ്പർക്കമുണ്ടെന്ന് സംശയിക്കുന്ന 98 പേർ ക്വാറന്‍റൈനിലാണ്. രോഗികളുടെ ബന്ധുക്കളും ആരോഗ്യപ്രവർത്തകരും മോർച്ചറി ജീവനക്കാരും ഇതിൽ ഉൾപ്പെടുന്നു.
 
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിലും കഴിഞ്ഞവർഷം മാർബർഗ് വൈറസ് സ്ഥിരീകരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായാണ് ശാസ്ത്രസമൂഹം മാർബർഗിനെ കണക്കാക്കുന്നത്. ബാധിക്കപ്പെടുന്ന പത്തിൽ 9 പേരും മരിക്കാനുള്ള സാധ്യതയുണ്ട്. എബോള ഉൾപ്പെടുന്ന ഫിലോവൈറസ് ഗ്രൂപ്പിലാണ് മാർബർഗും. ഇതിന് മാർവ്, റാവ് എന്നീ 2 വകഭേദങ്ങളുണ്ട്. രോഗത്തിന് നിലവിൽ ഫലപ്രദമായ വാക്സീനുകൾ  ഇല്ല. രോഗിയുടെ സ്രവങ്ങൾ, മുറിവുകൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവയിലൂടെയാണ് രോഗം പകരുന്നത്.
 
കടുത്ത പനി, പേശീവേദന, ഛർദി, രക്തസ്രാവം, മസ്തിഷ്കജ്വരം, നാഡീവ്യവസ്ഥയുടെ സ്തംഭനം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ആർ.ടി.പി.സി.ആർ, എലീസ ടെസ്റ്റുകളിലൂടെയാണ് രോഗ നിർണയം നടത്തുന്നത്. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ വൈറസ് ബാധിക്കുന്നതിന്റെ തോത് കുറവാണ്. 
 
1967 ൽ പശ്ചിമ ജർമനിയിലെ മാർബർഗ് പട്ടണത്തിലാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. വാക്സീൻ ലബോറട്ടറികളിൽ ജോലി ചെയ്തവരായിരുന്നു രോഗികൾ. ആഫ്രിക്കയിൽ നിന്നു കൊണ്ടുവന്ന കുരങ്ങുകളിൽ നിന്നാണ് വൈറസ്  പകർന്നത്. പിന്നീട് പത്തിലധികം തവണ വിവിധയിടങ്ങളിൽ വൈറസ് ബാധയുണ്ടായി.