ഉയർന്ന ചൂട് മൂലം റൺവേയ്ക്ക് കേടുപാട്; യു.കെ എയർപോർട്ടിൽ വിമാന സർവീസ് നിർത്തിവച്ചു

By: 600021 On: Jul 19, 2022, 2:58 PM

ഉയർന്ന താപനിലയെ തുടർന്ന് ലണ്ടൻ ലൂട്ടൺ എയർപോർട്ടിലെ ഒരു റൺവേയ്ക്ക് കേടുപാടുകൾ ഉണ്ടായതിനാൽ തിങ്കളാഴ്ച ദിവസം വിമാന സർവീസ് നിർത്തിവച്ചു. തിങ്കളാഴ്ച വൈകുന്നേരം എയർപോർട്ടിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് (ഏകദേശം 99 ഡിഗ്രി ഫാരൻഹീറ്റ്) വരെ ഉയർന്ന നിലയിലാണ്. താപനില ഉയർന്നതിനെ തുടർന്ന് ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ഏറ്റവും വലിയ വ്യോമതാവളമായ ബ്രൈസ് നോർട്ടനിലേക്കുള്ള എല്ലാ വിമാനങ്ങളും റോയൽ എയർഫോഴ്‌സ് (RAF) താൽക്കാലികമായി നിർത്തി മണിക്കൂറുകൾക്ക് ശേഷമാണ് ലൂട്ടൺ എയർപോർട്ടിന്റെ പ്രഖ്യാപനം വന്നത്.
 
ബ്രിട്ടനില്‍  ഈ ആഴ്ച താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് റെഡ് അലര്‍ട്ടും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകൾ പകല്‍സമയത്ത് പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. യു.കെ യില്‍ ഇതുവരെയുള്ള ഉയര്‍ന്ന താപനില 2019 ൽ രേഖപ്പെടുത്തിയ 38.7 ഡിഗ്രി സെല്‍ഷ്യസാണ്. താപനില 40 ഡിഗ്രി എത്തിയാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കു സാധ്യത ഉള്ളതിനാലാണ് ദേശീയ തലത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, വേല്‍ ഓഫ് യോര്‍ക്ക് തുടങ്ങിയ മേഖലകളിലാണ് താപനില ഏറ്റവും കൂടുതല്‍ ഉയരുക
 
അന്തരീക്ഷത്തിലെ ഉയര്‍ന്ന മര്‍ദവും തെക്കന്‍ യൂറോപ്പില്‍നിന്നുള്ള ചുടുകാറ്റുമാണ് ചൂട് വര്‍ധിക്കാന്‍ കാരണം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും പകല്‍ സമയത്ത് ബീച്ചോ പാര്‍ക്കോ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ പോകരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. താപനില പരിധിവിട്ടാല്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കുപുറമെ വൈദ്യുതി, കുടിവെള്ള വിതരണം, റോഡ് , റെയില്‍ ഗതാഗതം തുടങ്ങിയവയെയും ബാധിച്ചേക്കാം. മുന്‍കരുതല്‍ സ്വീകരിച്ചുവരികയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.