ടൊറന്റോ കിംഗ് സ്ട്രീറ്റ് നൈറ്റ്‌ ക്ലബ്ബിൽ വെടിയേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചു

By: 600021 On: Jul 19, 2022, 2:51 PM

കഴിഞ്ഞ ശനിയാഴ്ച ടൊറന്റോ കിംഗ് സ്ട്രീറ്റ് നൈറ്റ്‌ ക്ലബ്ബിൽ നടന്ന വെടിവെയ്പ്പിൽ പരിക്കേറ്റ രണ്ടുപേരിൽ ഒരാൾ ആശുപത്രിയിൽ വച്ച് മരിച്ചതായി തിങ്കളാഴ്ച വൈകുന്നേരം ടൊറന്റോ പോലീസ് അറിയിച്ചു. ബ്രാംപ്ടൺ നിവാസിയായ പർദീപ് ബ്രാർ(26) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂലൈ 17 പുലർച്ചെ 3:30 നാണ് ബാതർസ്റ്റ് സ്ട്രീറ്റിന് സമീപം 647 കിംഗ് സ്ട്രീറ്റ് വെസ്റ്റിലുള്ള ഇ.എഫ്.എസ് സോഷ്യൽ ക്ലബ്ബിൽ വെടിവെയ്പ്പുണ്ടായത്. അപകടത്തിൽ പരിക്കേറ്റ 24 കാരിയായ യുവതിയെ  ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരെ പിന്നീട് ചികിത്സ നൽകി വിട്ടയച്ചു.
 
കേസിലെ പ്രതികളെ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വെടിവെപ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭ്യമായവർ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. സ്കോഷ്യാബാങ്ക് അരീനയ്ക്ക് പുറത്ത് നടന്ന വെടിവെയ്പ്പിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ് മണിക്കൂറുകൾക്കൊടുവിലാണ് നൈറ്റ്‌ ക്ലബ്ബിൽ വെടിവയ്പ്പ് നടന്നത്.