
മാനിറ്റോബയിൽ കാറ്റലറ്റിക് കൺവെർട്ടറുകൾ ഉൾപ്പെടെയുള്ള സ്ക്രാപ്പ് മെറ്റൽ മോഷണങ്ങൾ തടയുന്നതിന് ഗവണ്മെന്റ് പുതിയ നിയമനിർമ്മാണം പ്രാബല്യത്തിൽ വരുത്തിയതായി മാനിറ്റോബ നീതിന്യായ മന്ത്രി കെൽവിൻ ഗോർട്ട്‌സൻ തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്‌ക്രാപ്പ് മെറ്റൽ ആക്‌ട് അഥവാ അനുബന്ധ സ്‌ക്രാപ്പ് മെറ്റൽ റെഗുലേഷൻ എന്ന് അറിയപ്പെടുന്ന ബിൽ 9 ലൂടെ മാനിറ്റോബയിൽ സ്‌ക്രാപ്പ് മെറ്റൽ വിൽപ്പനയും വാങ്ങലും നിയന്ത്രിക്കുന്ന ഒരു ചട്ടക്കൂട് രൂപപ്പെടുത്തുമെന്ന് ഗോർട്ട്‌സെൻ പറഞ്ഞു. നിയമവിരുദ്ധമായി നേടുകയും വിൽക്കുകയും ചെയ്യുന്ന കാറ്റലറ്റിക് കൺവെർട്ടറുകളുടെയും മറ്റ് ലോഹങ്ങളുടെയും മോഷണങ്ങൾ തടയുക എന്നതാണ് ബിൽ 9 ന്റെ ലക്ഷ്യം.
പുതിയ നിയമം അനുസരിച്ച് ഡീലർമാർ സ്ക്രാപ്പ് മെറ്റലുമായി ബന്ധപ്പെട്ട ഇടപാടുകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുകയും രണ്ട് വർഷത്തേക്ക് ഇടപാട് രേഖകൾ സൂക്ഷിക്കുകയും പീസ് ഓഫീസർ ആവശ്യപ്പെടുന്ന പക്ഷം അത് ഹാജരാക്കുകയും വേണം. 50 ഡോളറിൽ കൂടുതലുള്ള ഒരു ഇടപാടിനും പണമിടപാടുകൾ അനുവദനീയമല്ല. പെയിന്റ് ക്യാനുകൾ, ബുള്ളിയൻ തുടങ്ങി മാലിന്യങ്ങൾ ഒഴിവാക്കാൻ സാധാരണയായി റീസൈക്കിൾ ചെയ്യുന്ന മെറ്റൽ കണ്ടെയ്നറുകൾ ഉൾപ്പെടുന്ന ഇടപാടുകൾ രേഖപ്പെടുത്തേണ്ടതില്ല.
കാറ്റലറ്റിക് കൺവെർട്ടറുകൾ പോലെയുള്ള നിയന്ത്രിത ഇനങ്ങളുടെ ഇടപാടുകൾ, മോഷണത്തിനും പുനർവിൽപ്പനയ്ക്കും സാധ്യതയുള്ള, ഫലകങ്ങളും സ്മാരകങ്ങളും പോലെയുള്ള ഇനങ്ങൾ എന്നിവയ്ക്ക് കൂടുതൽ കർശനമായ നിയമങ്ങളുണ്ട്. കൂടാതെ, നിയന്ത്രിത ഇനങ്ങൾ ഉൾപ്പെടുന്ന ഇടപാടുകളിൽ ഇനം തിരിച്ചറിയാൻ മതിയായ വിശദാംശങ്ങൾ നൽകുന്ന ഒരു ഫോട്ടോയും ഉൾപ്പെടുത്തുകയും പൂർണ്ണമായ രേഖകൾ സ്ക്രാപ്പ് മെറ്റൽ ഡീലറുടെ പ്രാദേശിക നിയമ നിർവ്വഹണ ഏജൻസിക്ക് ഏഴ് ദിവസത്തിനുള്ളിൽ സമർപ്പിക്കുകയും ചെയ്യണം. നിയന്ത്രിത ഇനങ്ങൾക്ക് പണമിടപാടുകളും അനുവദനീയമല്ല.
നിയമ നിർമാണം കാറ്റലറ്റിക് കൺവെർട്ടറുകളുടെയോ മറ്റ് വിലയേറിയ ലോഹങ്ങളുടെയോ മോഷണം പൂർണ്ണമായും തടയില്ലെങ്കിലും റെക്കോർഡ് സൂക്ഷിക്കുന്നതിലൂടെ നിയമ ലംഘനം നടത്തുന്നവരെ തിരിച്ചറിയാൻ നിയമപാലകരെ സഹായിക്കുമെന്ന് ഗോർട്ട്‌സൻ കൂട്ടിച്ചേർത്തു.