ജലാശയങ്ങളിലെ മുങ്ങിമരണം; ജീവന്‍ നഷ്ടമാകാതിരിക്കാന്‍ അല്‍പ്പം ശ്രദ്ധയാകാം 

By: 600002 On: Jul 19, 2022, 11:05 AM


ജലാശയങ്ങളില്‍ മുങ്ങിമരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ വിനോദസഞ്ചാര മേഖലയിലേക്ക് ആളുകളുടെ ഒഴുക്ക് വര്‍ധിച്ചതിനൊപ്പമാണ് ജലാശയങ്ങളിലെ അപകടങ്ങളും പെരുകുന്നത്. ഈ സാഹചര്യത്തിലാണ് 'നാഷണല്‍ ഡ്രൗണിംഗ് പ്രിവന്‍ഷന്‍ വീക്ക്' ആചരിക്കുന്നത്. ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് ഈ വാരാചരണത്തില്‍ അധികൃതര്‍ നല്‍കുന്നു. 

ക്യുബെക്ക് പ്രവിശ്യയില്‍ ലൈഫ് ഗാര്‍ഡുകള്‍ കുറവാണ്. നീന്തല്‍ പരിശീലനം പൂര്‍ത്തിയാക്കിയവരെ കണ്ടെത്താനും പ്രയാസമാണ്. ഈ അവസരത്തില്‍ നദികള്‍, കടല്‍, മറ്റ് ജലാശയങ്ങള്‍ എന്നിവടങ്ങളില്‍ ലൈഫ് ഗാര്‍ഡുകളുടെ കുറവും നേരിടുന്നുണ്ട്. അതിനാല്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിക്കുന്നു. 

വാരാചരണത്തിന്റെ ഭാഗമായി  നീന്തല്‍ അറിയാവുന്ന എല്ലാ പ്രായത്തിലുമുള്ളവര്‍ ലാച്ചിനിലെ ഡിക്‌സി പൂളില്‍ ഒത്തുകൂടി. ഇവര്‍ക്കായി നീന്തല്‍ പഠിക്കുന്നതിന്റെ ആവശ്യകത സംബന്ധിച്ചും സുരക്ഷയെക്കുറിച്ചും ലൈഫ് ഗാര്‍ഡായ ലിന്‍ഡ്‌സെ ബേണ്‍സ് അറിവുകള്‍ പകര്‍ന്നു നല്‍കി. സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു. 

പാന്‍ഡമിക്കിന്റെ സമയത്ത് ക്യുബെക്കില്‍ പരിശീലന കോഴ്‌സ് സസ്‌പെന്‍ഡ് ചെയ്തതിനാല്‍ പരിശീലനം നേടിയ പലര്‍ക്കും ലൈഫ് ഗാര്‍ഡുകളാകുന്നതിനുള്ള സര്‍ട്ടിഫിക്കേഷന്‍ നേടാനായില്ല. അതിനാല്‍, മതിയായ ലൈഫ് ഗാര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ പ്രവിശ്യയിലെ പല വിനോദ കേന്ദ്രങ്ങള്‍ക്കും പൂളുകളുടെ സമയം കുറയ്‌ക്കേണ്ടി വരികയാണ്. 

ഈ വര്‍ഷം പ്രവിശ്യയില്‍ 31 മുങ്ങിമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവ ഓരോന്നും ഒഴിവാക്കാനാകുന്നവയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. 41 ശതമാനം പേര്‍ നദികളിലും 27 ശതമാനം പേര്‍ തടാകങ്ങളിലുമാണ് മുങ്ങിമരിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍. ബോട്ടിംഗ് ആണ് പ്രധാനമായും മുങ്ങിമരണത്തിന് കാരണമാകുന്നതെന്ന് കനേഡിയന്‍ റെഡ് ക്രോസ് പറയുന്നു.