ആല്‍ബെര്‍ട്ടയില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കോവിഡ്-19 വാക്സിന് നിര്‍ബന്ധമാക്കുന്നത് പിന്‍വലിക്കുന്നതായി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്(എഎച്ച്എസ്) അറിയിച്ചു. ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥ എന്ന നിലയില്‍ വാക്സിന് മാന്‍ഡേറ്റ് പുറത്തിറക്കിയിരുന്നു. ഇതാണ് പിന്‍വലിക്കുന്നത്. ഇത് സംബന്ധിച്ച പ്രസ്താവന എഎച്ച്എസ് പുറത്തിറക്കി. ഉടന്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. പുതിയ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇത് ബാധകമാണ്.
കോവിഡ്-19 വൈറസ് വികസിച്ച് പുതിയ വകഭേദങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുകയും വാക്സിനുകള്‍ ഈ അണുബാധയ്ക്കെതിരെ ഒരുക്കുന്ന സംരക്ഷണം കുറവാണ് എന്ന പുറത്തുവരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് എഎച്ച്എസ് അറിയിച്ചു.
അതേസമയം, ആരോഗ്യ മേഖലയില്‍ തങ്ങളുടെ സമഗ്ര സമീപനത്തിന്റെ ഭാഗമായി രോഗികളുടെ സംരക്ഷണത്തിനായി, ലഭ്യമായ എല്ലാ ബൂസ്റ്റര്‍ ഡോസുകളും ഉള്‍പ്പെടെ കോവിഡ് വാക്സിന് എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുപാര്‍ശ ചെയ്യുന്നത് തുടരുന്നതായി ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. രോഗികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്ന് എഎച്ച്എസ് സിഇഒ മൗറോ ചീസ് പ്രസ്താവനയില്‍ പറഞ്ഞു.