കാല്‍ഗറിയില്‍ പോലീസിന്റെ വെടിയേറ്റ് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയോടെ കവന്‍ട്രി ഹില്‍സ് വേ എന്‍.ഇയിലെ 12100 ബ്ലോക്കിലെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യുവാവിനെയാണ് പോലീസ് വെടിവെച്ച് വീഴ്ത്തിയത്.
രാത്രി 10 മണിയോടെ ആയുധവുമായി ഒരാള്‍ തങ്ങളുടെ വീട്ടില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമിക്കുകയാണെന്ന് വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തിയത്. സംശയാപ്ദമായി ഒരാള്‍ കയ്യില്‍ ആയുധവുമായി വീട്ടിലേക്ക് അതിക്രമിച്ചുകയറുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ പിന്തുടര്‍ന്നു. എന്നാല്‍ സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് രണ്ട് സിപിഎസ് അംഗങ്ങള്‍ ഇയാള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിയേറ്റ് വീണ ഇയാള്‍ക്ക് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് സംഘമെത്തി പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്നും അപകട നില തരണം ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. വെടിവെപ്പില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടില്ല. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആല്‍ബെര്‍ട്ട സീരിയസ് ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം വെടിവെപ്പ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.