ഒന്റാരിയോയിലെ കിച്ച്‌നറില്‍ മുപ്പതിലധികം എസ്‌യുവി കാറുകള്‍ ടയറില്‍ നിന്നും കാറ്റഴിച്ചുവിട്ട നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ കിച്ചനറിലെ ഗ്ലാസ്‌ഗോ ഹൈറ്റ്‌സ്, സ്റ്റാന്‍ലി പാര്‍ക്ക് ഏരിയകളിലെ ഡ്രൈവ്‌വേകളില്‍ പാര്‍ക്ക് ചെയ്തിരുന്ന എസ്‌യുവികളുടെ ടയറുകള്‍ അര്‍ധരാത്രിയോടെ ആരോ കേടുപാടു വരുത്തിയതായി തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചുവെന്ന് വാട്ടര്‍ലൂ റീജിയണല്‍ പോലീസ് പറഞ്ഞു. ഇതിനു പിന്നില്‍ തങ്ങളാണെന്ന് പറഞ്ഞുകൊണ്ട് സംഭവത്തിന്റെ ഉത്തരവാദിത്തം പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഒരു സംഘം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. 'ടയര്‍ എക്‌സ്റ്റിംഗ്യുഷേസ്' എന്ന് വിളിക്കുന്ന സംഘം വിവിധ സ്ഥലങ്ങളിലായി 60 ഓളം എസ്‌യുവികളുടെ ടയറുകള്‍ക്ക് കേടുപാടു വരുത്തിയതായി അവകാശപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സംഘത്തിന്റെ ആധികാരികത ഇതുവരെ കണ്ടെത്തിയിട്ടില്ല.
ടയറുകളില്‍ നിന്നും കാറ്റ് അഴിച്ചുവിട്ടതിനു ശേഷം ഇവര്‍ വിന്‍ഡ്ഷീല്‍ഡുകളില്‍ ''Your gas guzzler kills'' എന്ന വാചകവും എഴുതിയിട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ടയറുകളില്‍ നിന്നും സാവധാനം കാറ്റ് പോകുന്നതിനു വേണ്ടി ഉപകരണം ഉപയോഗിച്ചിട്ടുണ്ട്. ഇത് ഗുരുതര സംഭവമാണെന്നും വാഹനങ്ങളില്‍ പ്രത്യക്ഷപ്പെട്ട സന്ദേശങ്ങള്‍ പിന്തുടര്‍ന്ന് അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
നഗരപ്രദേശങ്ങളില്‍ എസ്‌യുവികള്‍ക്ക് നിരോധനമേര്‍പ്പെടുത്തുക എന്നതാണ് സംഘത്തിന്റെ ആവശ്യം. ഇത്തരം വാഹനങ്ങള്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതിനാല്‍ ഈ കാറുകളെ 'ക്ലൈമറ്റ് ഡിസാസ്‌റ്റേഴ്‌സ്' എന്ന് വിശേഷിപ്പിക്കുമെന്നും സംഘം പറയുന്നു.
അതേസമയം, സംഘത്തിന്റേത് മിഥ്യാധാരണയാണെന്നുംലഭിച്ചിരിക്കുന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിന്റെ പ്രതികരണമെന്നും കിച്ചനറിലെ ടോട്ടല്‍ ക്വാര്‍ട്‌സ് ഓട്ടോ കെയറിലെ ജീവനക്കാര്‍ പറഞ്ഞു. എസ്‌യുവികള്‍ എല്ലായ്‌പ്പോഴും പരിസ്ഥിതിക്ക് ദോഷകരമല്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.