നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനിയുടെ ഉൾവസ്ത്രം അഴിപ്പിച്ച സംഭവം; പോലീസ് കേസെടുത്തു

By: 600021 On: Jul 19, 2022, 3:57 AM

കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനിയുടെ ഉൾവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ശൂരനാട് സ്വദേശിനിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് ദേഹപരിശോധന നടത്തിയ കണ്ടാലറിയാവുന്ന സ്ത്രീക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതേ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ മറ്റൊരു വിദ്യാർഥിനിയും പരാതി നൽകിയിട്ടുണ്ട്. ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർഥിനികൾക്കാണ് ദുരനുഭവമുണ്ടായത്.
 
പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കേന്ദ്രത്തില്‍ വസ്ത്രങ്ങള്‍ പരിശോധിക്കുകയും തുടർന്ന് വസ്ത്രത്തില്‍ ലോഹവസ്തു ഉണ്ടെന്ന കാരണം സൂചിപ്പിച്ച് ഉൾവസ്ത്രം അഴിപ്പിക്കുകയും ചെയ്തതായാണ് പരാതി.  പരിശോധന നടത്തിയവരുടെ നിർബന്ധം മൂലം ഉൾവസ്ത്രം ധരിക്കാതെയാണ് പെൺകുട്ടി ഹാളിൽ പ്രവേശിച്ചത്. ‘സ്വന്തം ഭാവിയാണോ ഉൾവസ്ത്രമാണോ വലുത്’ എന്ന ഉദ്യോഗസ്ഥയുടെ ചോദ്യത്തിനു മുന്നിൽ അപമാനിതയായ കുട്ടിക്കു മാനസിക സമ്മർദം മൂലം നന്നായി പരീക്ഷ  എഴുതാനായില്ലെന്നും പരാതിയിൽ പറയുന്നു.
 
എന്നാൽ , കൃത്യമായ മാനദണ്ഡപ്രകാരമാണ് നീറ്റ് പരീക്ഷ നടന്നതെന്നാണ് മറുവാദം. ലോഹവസ്തുക്കള്‍ ഉള്ളതൊന്നും ശരീരത്തില്‍ പാടില്ലെന്നാണ് ചട്ടമെന്ന് പരീക്ഷ ചുമതലയുള്ളവര്‍ പറയുന്നു.