അബദ്ധത്തിൽ ഗ്രനേഡ് പൊട്ടി; ജമ്മുവിൽ രണ്ട് സൈനികർ മരിച്ചു

By: 600021 On: Jul 19, 2022, 3:47 AM

ജമ്മുവിൽ അബദ്ധത്തിൽ ഗ്രനേഡ് പൊട്ടിയുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്കു വീരമൃത്യു. ക്യാപ്റ്റൻ ആനന്ദ്, ജൂനിയർ കമ്മിഷൻഡ് ഓഫിസർ (ജെ.സി.ഒ) നയിബ് സുബേദാർ ഭഗ്‍‌വാൻ സിങ് എന്നിവരാണു മരിച്ചത്. പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയോടു ചേർന്ന് ഞായറാഴ്ച രാത്രിയിലായിരുന്നു അപകടമുണ്ടായതെന്നു ജമ്മു ഡിഫൻസ് പിആർഒ ലഫ്. കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ ഹെലികോപ്റ്ററിൽ ഉദ്ദംപുരിലെ കമാൻഡ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇരുവരും മരിക്കുകയായിരുന്നെന്നു ദേവേന്ദർ വ്യക്തമാക്കി.
 
ബിഹാറിൽ ഭഗൽപുർ ജില്ലയിലെ ചമ്പ നഗർ സ്വദേശിയാണു ക്യാപ്റ്റൻ ആനന്ദ്. ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലെ പൊഖർ ഭിട്ട സ്വദേശിയാണു ഭഗ്‍വാൻ സിങ്.