
രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ (എഫ്.ഐ.എച്ച്) പ്രസിഡന്റ് സ്ഥാനം വെറ്ററൻ സ്പോർട്സ് അഡ്മിനിസ്ട്രേറ്റർ നരീന്ദർ ബത്ര രാജിവെച്ചു. ഇതിനൊപ്പം രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) അംഗത്വവും അദ്ദേഹം ഒഴിഞ്ഞു.
മേയ് 25-ന് ഡൽഹി ഹൈക്കോടതി വിധിയെ തുടർന്ന് ബത്രയെ ഹോക്കി ഇന്ത്യയുടെ ആജീവനാന്ത അംഗത്വത്തിൽ നിന്ന് നീക്കിയിരുന്നു. ഹോക്കി ഇന്ത്യയുടെ ആജീവനാന്ത അംഗം എന്ന നിലയിലാണ് അദ്ദേഹം ദേശീയ അസോസിയേഷനുകളുടെയും അന്താരാഷ്ട്ര ഫെഡറേഷനുകളുടെയും ഉയർന്ന പദവിയിലെത്തിയത്. എന്നാൽ, ആജീവനാന്ത അംഗം എന്നത് നിയമവിരുദ്ധമായ പദവിയാണെന്നായിരുന്നു ഡൽഹി ഹൈക്കോടതി വിധി.
ദേശീയ ഹോക്കി ഫെഡറേഷൻ (ഹോക്കി ഇന്ത്യ) ദേശീയ കായിക ചട്ടത്തിനു വിരുദ്ധമായി പ്രവർത്തിച്ചുവെന്നു കണ്ടെത്തിയ ഡൽഹി ഹൈക്കോടതി, ഹോക്കി ഇന്ത്യയുടെ ദൈനംദിന നടത്തിപ്പിന് മൂന്നംഗ കമ്മിറ്റിയെ നിയമിക്കുകയും ചെയ്തിരുന്നു.
അസോസിയേഷന്റെ 35 കോടി രൂപ വകമാറ്റി ചെലവഴിച്ചെന്ന പരാതിയിൽ ബത്രയ്ക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്.