ഇന്ത്യാനാ മാളിൽ നടന്ന വെടിവയ്പ്പിൽ 4 മരണം. മൂന്ന് പേർക്ക് പരിക്ക്.

By: 600084 On: Jul 18, 2022, 5:31 PM

പി പി ചെറിയാൻ, ഡാളസ്.

ഗ്രീൻവുഡ് (ഇന്ത്യാന)∙ ഇന്ത്യാന ഗ്ലീൻവുഡ് പാർക്കിൽ ഞായറാഴ്ച(ജൂലൈ 17) വൈകിട്ട് ആറു മണിക്ക് തോക്കുധാരി നടത്തിയ വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും മറ്റു മൂന്നു പേർക്കു പരുക്കേൽക്കുകയും ചെയ്തതായി ഗ്രീൻവുഡ് പൊലിസ് ഡിപ്പാർട്ട്മെന്റ് ചീഫ് ജിം ഈൺ ഞായറാഴ്ച വൈകിട്ട് നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആ സമയം അവിടെ ഉണ്ടായിരുന്ന മറ്റൊരു യുവാവ് അക്രമിയെ വെടിവച്ചു. വെടിയേറ്റ അക്രമി സംഭവ സ്ഥലത്തു തന്നെ മരിച്ചു. നിയമപരമായി തോക്കു കൈവശം വയ്ക്കാൻ അനുമതിയുള്ള യുവാവാണ് അക്രമിക്കു നേരെ നിറയൊഴിച്ചത്. വെടിയേറ്റ നാലു പേരിൽ 3 പേർ സ്ത്രീകളും ഒരാൾ പുരുഷനുമാണ്. 12 വയസ്സുള്ള ഒരു കുട്ടിക്കും വെടിയേറ്റിട്ടുണ്ട്.

ഇന്ത്യാന പൊലിസ് മെട്രോപൊലിറ്റൻ പൊലിസും മറ്റ് ഏജൻസികളും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിവച്ചതായി സംശയിക്കുന്ന ചെറുപ്പക്കാരൻ ഒരു റൈഫിളും നിരവധി മാഗസിനും കൈയ്യിൽ സൂക്ഷിച്ചിരുന്നുവെന്നു പൊലിസ് പറഞ്ഞു. പൊലിസ് മരിച്ചവരുടേയോ അക്രമിയുടേയോ അക്രമിയെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിന്റേയോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അമേരിക്കയിൽ വർധിച്ചുവരുന്ന വെടിവയ്പു സംഭവങ്ങൾ ഒഴിവാക്കുന്നതിന് യുഎസ് ഹൗസ് ജുഡീഷ്യറി കമ്മിറ്റി അസോൾട്ട് വെപ്പൻ നിയന്ത്രിക്കുന്നതിനുള്ള നിയമ നിർമാണത്തിനു തയാറാകുമ്പോഴാണ് ഈ പുതിയ സംഭവം.