യുഎസ് വിമാനത്താവളത്തില്‍ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു 

By: 600002 On: Jul 18, 2022, 11:23 AMയുഎസിലെ ലാസ് വെഗാസ് വിമാനത്താവളത്തില്‍ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഞായറാഴ്ച ഉച്ചയോടെ സിംഗിള്‍ എന്‍ജിന്‍ പൈപ്പര്‍ പിഎ-46 എന്ന വിമാനവും സെസ്‌ന 172 എന്ന സിംഗിള്‍ എന്‍ജിന്‍ വിമാനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍(എഫ്എഎ) അറിയിച്ചു. 

ലാന്‍ഡ് ചെയ്യാന്‍ തയാറെടുക്കുകയായിരുന്ന പൈപ്പര്‍ പിഎ-46 സെസ്‌ന 172 വിമാനവുമായി കൂട്ടിയിടിക്കുകയാണുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കൂട്ടിയിടിയെ തുടര്‍ന്ന് സെസ്‌ന 172 റണ്‍വേ-30 ക്ക് സമീപമുള്ള ഒരു ജലാശയത്തിലേക്ക് വീണു. ഓരോ വിമാനത്തിലും രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും എഫ്എഎയും അന്വേഷണം ആരംഭിച്ചു.