'ഉക്രേനിയന്‍ ടെറി ഫോക്‌സ്': അവശതകള്‍ക്കിടയിലും ഉക്രേനിയന്‍ കുട്ടികള്‍ക്ക് സഹായഹസ്തവുമായി ഒരു യുവാവ് 

By: 600002 On: Jul 18, 2022, 11:14 AMഉക്രേനിയന്‍ അഭയാര്‍ത്ഥികളെ സഹായിക്കാനുള്ള ധനസമാഹരണത്തിന്റെ ഭാഗമായി സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കാനഡയിലുടനീളം രംഗത്തുവരുന്നത്. അവരില്‍ ഒരാളാണ് ഉക്രേനിയന്‍-കനേഡിയനായ 32 വയസ്സുള്ള ഒലക്‌സാണ്ടര്‍ ക്യാനിസ്റ്റ്യ. സെലിബ്രറല്‍ പാള്‍സി രോഗം ബാധിച്ച ഒലെക്‌സാണ്ടര്‍ ശനിയാഴ്ച 200 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായത്. യുദ്ധത്തില്‍ അംഗവൈകല്യം സംഭവിച്ച ഉക്രേനിയന്‍ കുട്ടികളുടെ ശസ്ത്രക്രിയ നടത്തുന്നതിനുള്ള ധനസഹായത്തിനാണ് ഒലക്‌സാണ്ടര്‍ കിലോമീറ്ററുകള്‍ താണ്ടിയത്.

ശാരീരിക അവശതകള്‍ അവഗണിച്ച് മോണ്‍ട്രിയലില്‍ നിന്നും ആരംഭിച്ച യാത്ര രാജ്യ തലസ്ഥാനമായ ഓട്ടവയില്‍ എത്തിച്ചേര്‍ന്നു. 2005 ല്‍ കാനഡയിലേക്ക് കുടിയേറിയതാണ് ഒലക്‌സാണ്ടര്‍. തന്റെ ജന്മനാട് ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും കണ്ട് അതീവദു:ഖിതനായ ഒലക്‌സാണ്ടര്‍ കഷ്ടത അനുഭവിക്കുന്ന ഉക്രെയ്‌നിലെ കുട്ടികള്‍ക്ക് ആശുപത്രിയിലെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ധനസഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 

തന്റെ വൈകല്യം പോലും മറന്ന് റഷ്യന്‍ ആക്രമണത്തില്‍ എല്ലാം നഷ്ടപ്പെട്ട ആരോഗ്യ, മാനസികപരമായി കഷ്ടത അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുക എന്നതാണ് തന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്ന് ഒലക്‌സാണ്ടര്‍ പറയുന്നു. യുദ്ധത്തില്‍ അംഗവൈകല്യം സംഭവിച്ച കുട്ടികളുടെ ശസ്ത്രക്രിയകള്‍ നടത്താനാണ് പണം പ്രധാനമായും സ്വരൂപിക്കുന്ന 

ടെറി ഫോക്‌സിനെ പോലുള്ളവരില്‍ നിന്നാണ് തന്റെ മകന്‍ പ്രചോദനം കൊണ്ടിരിക്കുന്നതെന്ന് ഒലക്‌സാണ്ടറിന്റെ അമ്മ ഒക്‌സാന പറഞ്ഞു. എത്ര വെല്ലുവിളികളാണെങ്കിലും അതെല്ലാം തരണം ചെയ്ത് നടന്നുകൊണ്ടുതന്നെ തന്റെ നാട്ടുകാരെ സഹായിക്കാനുള്ള കരുത്ത് അവന്‍ ആര്‍ജിച്ചിട്ടുണ്ടെന്നും ഒക്‌സാന കൂട്ടിച്ചേര്‍ത്തു. അതിനാല്‍ത്തന്നെ  ഒലക്‌സാണ്ടറിന് ഉക്രേനിയന്‍ ടെറി ഫോക്‌സ് എന്ന വിശേഷണവും നല്‍കിയിട്ടുണ്ട്. 

200 കിലോമീറ്റര്‍ വാക്കത്തോണില്‍ ഒലക്‌സാണ്ടറിനൊപ്പം ഉക്രേനിയന്‍ ആക്ടിവിസ്റ്റായ കെറില്‍ ബിന്‍ഡും ഉണ്ടായിരുന്നു. ഇവര്‍ ഇതുവരെ 5,000 ഡോളറോളം സമാഹരിച്ചിട്ടുണ്ട്. ഇതിലും കൂടുതല്‍ തുകയാണ് ഒലക്‌സാണ്ടര്‍ ലക്ഷ്യം വെക്കുന്നത്. തന്റെ GoFundMe  പേജ് മുഖേന അംഗവൈകല്യമുള്ള കുട്ടികള്‍ക്കായി കുറഞ്ഞത് അര മില്യണ്‍ ഡോളറെങ്കിലും സമാഹരിക്കണമെന്നാണ് ഒലക്‌സാണ്ടറിന്റെ ആഗ്രഹം.