ജൂണ്‍ മാസത്തില്‍ രാജ്യത്തെ ഭവന വില്‍പ്പന ഇടിഞ്ഞതായി കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്(CREA). ഇതോടെ ദേശീയ റിയല്‍ എസ്റ്റേറ്റ് വിപണിയിലും വില്‍പ്പന രംഗം മന്ദഗതിയിലായി. മുന്‍ മാസങ്ങളില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കുറവാണ് ജൂണില്‍ ഉണ്ടായിരിക്കുന്നതെന്ന് റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്(CREA) പറയുന്നു. ജൂണ്‍ മാസത്തില്‍ വീടുകളുടെ വില്‍പ്പന 48,176 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 63,280 ആണ് രേഖപ്പെടുത്തിയത്. അതായത് 24 ശതമാനം ഇടിവാണ് ഈ മേഖലയിലുണ്ടായതെന്ന് അസോസിയേഷന് വ്യക്തമാക്കുന്നു. മെയ് മാസത്തില്‍ നിന്ന് ഏകദേശം ആറ് ശതമാനം വില്‍പ്പനയാണ് ജൂണ്‍ മാസത്തില്‍ ഇടിഞ്ഞത്.
ബാങ്ക് ഓഫ് കാനഡ അതിന്റെ പ്രധാന പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത് തുടരുന്നതിനാല്‍, വീടുകള്‍ വാങ്ങുന്നവര്‍ അനുഭവിച്ച സാമ്പത്തിക സമ്മര്‍ദ്ദമാണ് ഏപ്രില്‍, മെയ് മാസങ്ങളില്‍ രേഖപ്പെടുത്തിയത് പോലെ വലിയ ഇടിവിന് കാരണമെന്ന് അസോസിയേഷന് പറഞ്ഞു.
വര്‍ധിച്ചു വരുന്ന പലിശ നിരക്കുകളുടെയും അനിശ്ചിതത്വത്തിന്റെയും പശ്ചാത്തലത്തില്‍ വില്‍പ്പന പ്രവര്‍ത്തനം മന്ദഗതിയിലായി തുടരുകയാണെന്ന് അസോസിയേഷന് ചെയര്മാന് ജില് ഔഡില്‍ പറഞ്ഞു. ഇപ്പോള്‍ ഭവന വിപണിയെ ബാധിക്കുന്ന പ്രധാന ഘടകമായി കടം വാങ്ങുന്നതിനുള്ള ചെലവ് വിതരണത്തെ മറികടന്നു, പക്ഷേ വിതരണ പ്രശ്നം നീങ്ങിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രേറ്റര്‍ ടൊറന്റോ, ഗ്രേറ്റര്‍ വാന്‍കുവര്‍ ഏരിയകള്‍ പോലുള്ള വിപണികളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും അല്ലെങ്കില്‍ വര്‍ഷത്തിന്റെ തുടക്കത്തിലോ ഉള്ളതിനേക്കാള്‍ കൂടുതല്‍ സമയം വില്‍പ്പനയ്ക്ക് വേണ്ടി വരുന്നതായി അസോസിയേഷന് അഭിപ്രായപ്പെടുന്നു. ജൂണിലെ വിലയിടിവുകളില് ഭൂരിഭാഗവും ഒന്റാരിയോയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്യുബെക്കിലും നേരിയ വിലയിടിവിന്റെ സൂചനകള്‍ കാണിക്കുന്നുണ്ട്. കിഴക്കന്‍ തീരത്ത്, വിലയുയരുന്നത് തുടരുകയാണെന്ന് അസോസിയേഷന് ചൂണ്ടിക്കാട്ടി.