ഒമിക്രോണ്‍ വകഭേദങ്ങള്‍ക്കെതിരെ കൂടുതല്‍ ഫലപ്രദം കോവിഡ് വാക്‌സിന്‍ നാലാം ഡോസ്: പുതിയ പഠനം  

By: 600002 On: Jul 18, 2022, 10:29 AM

 

കോവിഡ്-19 വാക്‌സിന്റെ( mRNA വാക്‌സിന്‍) നാലാം ഡോസ് ചില ഒമിക്രോണ്‍ ഉപവകഭേദങ്ങളുണ്ടാക്കുന്ന ഗുരുതരമായ രോഗത്തിനെതിരെ കൂടുതല്‍ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പുതിയ പഠനം. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(ഡിസിസി) നടത്തിയ കോവിഡ്-19 നാലാം ഡോസ് വാക്‌സിനുകളുടെ ഫലപ്രാപ്തി സംബന്ധിച്ച പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഒമിക്രോണ്‍ സബ്‌വേരിയന്റുകളായ ബിഎ.1, ബിഎ.2/ബിഎ.2.12.1 എന്നിവയ്‌ക്കെതിരെയുള്ള ഫലപ്രാപ്തിയാണ് പഠനവിധേയമാക്കിയത്. നിലവില്‍ കാനഡയിലെയും മറ്റ് പ്രദേശങ്ങളിലെയും കോവിഡ്-19 തരംഗത്തിന് കാരണമായ ബിഎ.4, ബിഎ.5 എന്നീ പുതിയ ഉപവകഭേദങ്ങള്‍ പഠനത്തിന്റെ ഭാഗമായിരുന്നില്ല. 

സിഡിസിയുടെ പഠന റിപ്പോര്‍ട്ട് പ്രകാരം ആദ്യത്തെ ബൂസ്റ്റര്‍ ഷോട്ടിന് ശേഷം ബിഎ.1,ബിഎ.2/ബിഎ.2.12.1 എന്നീ ഒമിക്രോണ്‍ വകഭേദങ്ങള്‍ വരുത്തിവയ്ക്കുന്ന ഗുരുതരമായ അണുബാധയ്‌ക്കെതിരായ വാക്‌സിന്‍ ഫലപ്രാപ്തി ആദ്യ ആറ് മാസങ്ങളില്‍ വെറും 68 ശതമാനമാണെന്ന് കണ്ടെത്തി. അതിനു ശേഷം അത് 52 ശതമാനമായി കുറഞ്ഞു. എന്നാല്‍ രണ്ടാമത്തെ ബൂസ്റ്റര്‍ ഷോട്ടിന് ശേഷം(നാലാം ഡോസ്) ഈ വകഭേദങ്ങള്‍ മൂലമുണ്ടാകുന്ന ഗുരുതരമായ അണുബാധയ്‌ക്കെതിരെയുള്ള ഫലപ്രാപ്തി ആറ് മാസത്തിനുള്ളില്‍ 80 ശതമാനമായി വര്‍ധിച്ചതായി കണ്ടെത്തി. നാലാമത്തെ ഡോസിന്റെ ആറ് മാസത്തിനു ശേഷമുള്ള ഡാറ്റ ഇതുവരെ ലഭ്യമല്ല. നാലാമത്തെ ഡോസ് സ്വീകരിച്ചു കഴിഞ്ഞതിനു ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും എമര്‍ജന്‍സി റൂമുകളിലെത്തുന്നവരുടെ എണ്ണത്തിലും കുറവ് വന്നതായും പഠനത്തില്‍ കണ്ടെത്തി. ഗുരുതരമായ രോഗത്തില്‍ നിന്നും സംരക്ഷണവും നാലാം ഡോസ് നല്‍കുന്നു. 

നിലവില്‍, ഒമിക്രോണ്‍ വേരിയന്റുകളാണ് പലയിടങ്ങളിലും പ്രബലമായിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ ഇതിനെതിരെ പോരാടുമ്പോള്‍ നാലാം ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ പഠനം വിരല്‍ ചൂണ്ടുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഇത് സംബന്ധിച്ച ആദ്യ പഠനമാണിതെന്നും അവര്‍ അവകാശപ്പെടുന്നു. 

പഠനത്തിനായി 200,000 ത്തിലധികം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സന്ദര്‍ശിക്കുകയും 58,000 ഹോസ്പിറ്റല്‍ കേസുകള്‍ പരിശോധിക്കുകയും ചെയ്തു. 2021 ഡിസംബറിനും 2022 ജൂണിനും ഇടയിലുള്ള കാലയളവിലാണ് പഠനം നടത്തിയിരിക്കുന്നത്. സിഡിസിയുടെ ഈ പഠന റിപ്പോര്‍ട്ട് മൊര്‍ബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി വീക്ക്‌ലി റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.