ഒന്റാരിയോയില്‍ വാഹനമോടിക്കുന്നവര്‍ ലൈസന്‍സ് പ്ലേറ്റുകള്‍ പുതുക്കാന്‍ നിര്‍ദ്ദേശം. ലൈസന്‍പ്ലേറ്റുകള്‍ പുതുക്കുന്നത് ഇപ്പോള്‍ സൗജന്യമാണ്, എന്നാല്‍ പുതുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫൈന്‍ അടക്കമുള്ള നടപടികളെടുക്കുമെന്ന് പോലീസ് അറിയിച്ചു. മാര്‍ച്ചില്‍ ഒന്റാരിയോയില്‍ ലൈസന്‍സ് പ്ലേറ്റ് പുതുക്കല്‍ ഫീസ് റദ്ദാക്കിയെങ്കിലും, ിന്യൂവല്‍ പ്രോസസ് ഇപ്പോഴും ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. റിന്യൂവല്‍ ഫീസ് ഒഴിവാക്കുന്നത് ഡ്രൈവര്‍മാര്‍ക്ക് പ്രതിവര്‍ഷം 120 ഡോളര്‍ ലാഭിക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ലൈസന്‍സ് പ്ലേറ്റ് പുതുക്കാതെ ശരിയായ രജിസ്‌ട്രേഷന്‍ ഇല്ലാതെ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ലൈസന്‍സ് പ്ലേറ്റ് പുതുക്കില്ലെങ്കില്‍ പിഴ ചുമത്തിയേക്കാമെന്ന് ഒന്റാരിയോ പോലീസ് സര്‍ജന്റ് കെറി ഷ്മിഡ് ഓര്‍മിപ്പിച്ചു. ചില ഡ്രൈവര്‍മാര്‍ക്ക് 500 ഡോളര്‍ വരെ പിഴ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലൈസന്‍സ് പ്ലേറ്റ് പുതുക്കുന്നതിനുള്ള സമയം അവസാനിക്കുന്നതിന് 30-60 ദിവസത്തിനു മുമ്പ് ഇ-മെയിലുകളോ ടെക്‌സ്റ്റ് മെസ്സേജുകളോ ഫോണ്‍ കോളുകളോ ആയി അറിയിപ്പ് ലഭിക്കുവാന്‍ ആളുകള്‍ക്ക് ഡിജിറ്റല്‍ റിമൈന്‍ഡര്‍ സേവനം ഉപയോഗിക്കാം. ServiceOntario ലൊക്കേഷനില്‍ ഓണ്‍ലൈനായോ ഇമെയില്‍ വഴിയോ ലൈസന്‍സ് പ്ലേറ്റുകള്‍ പുതുക്കാം.