ഷാജി കൈലാസിന്റെ ബിഗ് ബജറ്റ് ചിത്രം 'കാപ്പ 'യുടെ ചിത്രീകരണം തുടങ്ങി

By: 600021 On: Jul 18, 2022, 3:07 AM

കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ പൂജ പാളയം വി.ജെ.ടി ഹാളിൽ നടന്നു. എസ്.എൻ സ്വാമിയാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. ജഗദീഷ് ഫസ്റ്റ് ക്ലാപ്പ് നിർവ്വഹിച്ചു. പൃഥ്വിരാജ്, ആസിഫ് അലി, എ.കെ സാജൻ, ജിനു വി എബ്രഹാം തുടങ്ങിയവർ പൂജയിൽ പങ്കെടുത്തു. ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്.
 
ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റർ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിചിരിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ കഥയാണ് സിനിമ പറയുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നു. ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം.