നെഹമ്യ ജുനീൽ- സാം ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടുന്ന പ്രായം കുറഞ്ഞ വിദ്യാർത്ഥി

By: 600084 On: Jul 17, 2022, 3:54 PM

പി പി ചെറിയാൻ, ഡാളസ്.

സാം ഹൂസ്റ്റൺ : സാം ഹൂസ്റ്റൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ബിരുദധാരിയായി പുറത്തിറങ്ങുന്ന ഏറ്റം പ്രായം കുറഞ്ഞ വിദ്യാർത്ഥി എന്ന ബഹുമതി, 15കാരനായ നെഹമ്യ ജുനീൽ കരസ്ഥമാക്കി.

ഹെൽത്ത് സയൻസിൽ പഠനം പൂർത്തിയാക്കി ആഗസ്റ്റ് മാസം നടക്കുന്ന ബിരുദദാനച്ചടങ്ങിൽ നെഹമ്യ തന്റെ സർട്ടിഫിക്കേറ്റ് സ്വീകരിക്കും.

'ഏറ്റവും വെല്ലുവിളി നിറഞ്ഞ വലിയൊരു ദൗത്യമാണ് ഞാൻ ഏറ്റെടുത്തത്. അത് വിജയകരമായി പൂർത്തീകരിക്കുവാൻ എനിക്ക് കഴിഞ്ഞു. എട്ടുവയസ്സിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ എനിക്കൊരു കാർഡിയോളജിസ്റ്റ് ആകണമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. എന്നാൽ അതിന്റെ ആദ്യ പടി വിജയകരമായി പൂർത്തീകരിക്കുവാൻ കഴിഞ്ഞതായി നെഹമ്യ അവകാശപ്പെട്ടു.

എന്റെ ഈ അനുഭവം മറ്റുള്ളവർക്ക് ഒരു പ്രചോദനമാകുമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നാം ഒന്ന് ആഗ്രഹിച്ചാൽ ആ ലക്ഷ്യം നിറവേറ്റുവാൻ കഴിയും. ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിന് പക്ഷേ നിരവധി കടമ്പകൾ പിന്നിടേണ്ടിവരും. എന്നാൽ നിരാശരാകരുതെന്നും നെഹമ്യ പറഞ്ഞു. ആഗസ്റ്റ് മാസം നടക്കുന്ന ബിരുദദാനച്ചടങ്ങ് എന്റെ ജീവിത സാക്ഷാത്കാരത്തിന്റെ സുപ്രധാന ദിനമായിരിക്കുമെന്നും നെഹമ്യ കൂട്ടിച്ചേർത്തു.