ബീസിയിലെ ലിറ്റണിന് സമീപം കാട്ടുതീ പടര്‍ന്ന് പിടിച്ച് ആറോളം വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫ്രേസര്‍ നദിയുടെ മറുവശത്തായി ലിറ്റണില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ഭാഗത്തെ വനത്തിലാണ് തീപിടുത്തമുണ്ടായത്. ഇത് പിന്നീട് ഗ്രാമത്തിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും തീ നിയന്ത്രണവിധേയമാക്കുന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും ലിറ്റണ്‍ ഫസ്റ്റ് നേഷന്‍ ഡെപ്യൂട്ടി ചീഫ് ജോണ്‍ ഹൗഗന്‍ പറഞ്ഞു. ഗ്രാമത്തിന് എതിര്‍വശത്തേക്കാണ് തീ ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്നത്. ഇവിടങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെ അപകടങ്ങളോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഉയര്‍ന്ന ജലനിരപ്പ് കാരണം നദിയിലൂടെയുള്ള ഫെറി സര്‍വീസ് നടത്തുന്നില്ല. ഇത് മൂലം തീയണക്കുന്നതിനുള്ള സാമഗ്രികള്‍ എത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. 80 പേര്‍ അടങ്ങുന്ന അഗ്നിശമന സേന തീയണക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
വ്യാഴാഴ്ച കത്തിപ്പടര്‍ന്ന തീയില്‍ കുറഞ്ഞത് 15 ചതുരശ്ര കിലോമീറ്ററെങ്കിലും കത്തിയമര്‍ന്നിട്ടുണ്ടെന്നാണ് ബീസി വൈല്‍ഡ് ഫയര്‍ സര്‍വീസ് പറയുന്നത്. പടിഞ്ഞാറന്‍ ഭാഗത്ത് കുത്തനെയുള്ള ഭൂപ്രദേശങ്ങളില്‍ തീ പടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.