
ബീ.സി യിൽ 5 വയസിനു താഴെ പ്രായം വരുന്ന കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ഓഗസ്റ്റ് 2 ന് ആരംഭിക്കും. ബീ.സിയിൽ ഉടനീളമുള്ള ആറ് മാസത്തിനും നാല് വയസ്സിനും ഇടയിൽ പ്രായം വരുന്ന ഏകദേശം 208,000 കുട്ടികൾക്ക് വാക്സിനുകൾ ലഭിക്കും. കുട്ടികൾക്കുള്ള വാക്‌സിനേഷനു വേണ്ടി എത്രയും വേഗം രജിസ്റ്റർ ചെയ്യാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതായി ആരോഗ്യമന്ത്രി അഡ്രിയാൻ ഡിക്സ് വ്യാഴാഴ്ച പറഞ്ഞു.
പ്രവിശ്യയിലെ ആരോഗ്യ അതോറിറ്റി ക്ലിനിക്കുകൾ വഴി ചെറിയ കുട്ടികൾക്കുള്ള മോഡേണ വാക്സിൻ ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. ഇതിനായി രക്ഷിതാക്കൾക്ക് പ്രവിശ്യയിലെ
ഗെറ്റ് വാക്‌സിനേറ്റഡ് സംവിധാനം ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്തവർക്ക് കമ്മ്യൂണിറ്റിയിൽ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി ആരംഭിക്കുമ്പോൾ വാക്സിനേഷൻ അപ്പോയിന്റ്മെന്റിനായി ബുക്ക് ചെയ്യാൻ കഴിയും. ആറ് മാസത്തിൽ താഴെയുള്ള കുട്ടികൾക്കു വേണ്ടിയും മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. കുട്ടിക്ക് ആറ് മാസം പൂർത്തിയാകുമ്പോൾ അപ്പോയിന്റ്മെന്റിന് ലഭിക്കുന്നതാണ്.
നവജാത ശിശുക്കൾക്കും കുട്ടികൾക്കുമുള്ള രണ്ട് ഡോസ് മോഡേണ വാക്സിൻ എട്ട് ആഴ്ച ഇടവിട്ടാണ് നൽകുക. മുതിർന്നവർക്ക് നൽകുന്നതിനേക്കാൾ ചെറിയ ഡോസുകളാണ് കുട്ടികൾക്ക് നൽകുന്നത്. ആറുമാസം പ്രായമുള്ള കുട്ടികൾക്കുള്ള മോഡേണ വാക്സിന് ഹെൽത്ത് കാനഡ വ്യാഴാഴ്ച അംഗീകാരം നൽകിയിരുന്നു. ശിശുക്കൾക്കും കുട്ടികൾക്കുമായി അംഗീകരിച്ച ആദ്യ കോവിഡ് വാക്സിനാണ് മോഡേണയുടേത്.