അമിതവേഗത മൂലമുണ്ടാകുന്ന ട്രാഫിക് ലംഘനങ്ങള്‍ ഈ വര്‍ഷം വര്‍ധിച്ചതായി എഡ്മന്റണ്‍ പോലീസ്. നിശ്ചയിച്ചിരിക്കുന്ന വേഗപരിധിയില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്ററനു മുകളില്‍ വാഹനമോടിച്ച 350 പേര്‍ക്കും മണിക്കൂറില്‍ 50 കിലോമീറ്ററിനു മുകളില്‍ വാഹനമോടിച്ച 170 പേര്‍ക്കും പിഴ ചുമത്തിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 252 ഉം 180 ഉം ആയിരുന്നു.
കഴിഞ്ഞമാസം, ഗേറ്റ്‌വേ ബോളിവാര്‍ഡിലെ 60 കി.മീ വേഗപരിധിയുള്ള മേഖലയിലൂടെ 162 കി.മീ വേഗതയില്‍ വാഹനമോടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാളെ നിര്‍ബന്ധിത കോടതിയില്‍ ഹാജരാക്കി. ഇത്തരത്തില്‍ നിരവധി കേസുകള്‍ വേഗപരിധി ലംഘിച്ചത് മൂലം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അമിത വേഗത കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
അമിതവേഗതയില്‍ വാഹനമോടിച്ചെന്നു കണ്ടെത്തിയാല്‍ ചുമത്തുന്ന പിഴ 2,000 ഡോളറാണ്. വാഹനമോടിക്കുന്നതിന് ആയോഗ്യരാക്കുകയും ചെയ്യും. മണിക്കൂറില്‍ 51 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗതയില്‍ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.