രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നാമതായി IIT മദ്രാസും ഡൽഹി എയിംസും

By: 600021 On: Jul 16, 2022, 7:41 AM

 രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും യൂണിവേഴ്സിറ്റികളുടെയും പട്ടിക  വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചു. നാഷണൽ ഇൻസ്റ്റിറ്റിറ്റൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (NIRF 2022) തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ പുറത്ത് വിട്ടു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓവറോൾ വിഭാഗത്തിൽ ഐ.ഐ.ടി മദ്രാസാണ് ഇത്തവണയും മുന്നിലെത്തിയത്. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് രണ്ടാമത്. ഓവറോൾ റാങ്കിങ്ങിൽ കേരളത്തിൽ നിന്ന് 3 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആദ്യ നൂറിൽ ഇടം നേടി എം.ജി സർവകലാശാല 51, കുസാറ്റ്-69, കോഴിക്കോട് എൻ.ഐ.ടി 79 എന്നിങ്ങനെയാണ് റാങ്കുകൾ.
 
ഓവറോൾ, എൻജിനീയറിങ്, മാനേജ്മെന്റ്, ഫാർമസി, കോളേജ്, ആർക്കിടെക്ചർ, ലോ, മെഡിക്കൽ, ഡെന്റൽ, റിസർച്ച് എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലായാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡൽഹി എയിംസാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒൻപതാം സ്ഥാനം നേടി.
 
സർവകലാശാലാ വിഭാഗത്തിൽ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഒന്നാമതും ജെ.എൻ.യു രണ്ടാമതുമാണ്. കേരളത്തിൽ നിന്ന് നാല് സർവകലാശാലകളാണ് ആദ്യ നൂറിലുൾപ്പെട്ടത്. എം.ജി സർവകലാശാല 30, കേരള സർവകലാശാല 40, കുസാറ്റ് 41, കാലിക്കറ്റ് സർവകലാശാല 69 എന്നിങ്ങനെയാണ് റാങ്കുകൾ.
 
ഡൽഹി മിറാൻഡാ ഹൗസാണ് കോളേജുകളിൽ ഒന്നാമത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് 24-ാം സ്ഥാനം നേടി. രാജഗിരി കോളേജ് (27), തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് (50) എന്നിവ ആദ്യ അൻപതിലെത്തി.
 
മാനേജ്മെന്റിൽ വിഭാഗത്തിൽ ഐ.ഐ.എം അഹമ്മദാബാദ് ആണ് ഒന്നാമത്. ഐ.ഐ.എം കോഴിക്കോട് അഞ്ചാമതാണ്. എൻജിനീയറിങ് വിഭാഗത്തിൽ ഐ.ഐ.ടി മദ്രാസാണ് ഒന്നാമത്. കേരളത്തിൽ നിന്ന് മൂന്ന് എൻജിനിയറിങ് കോളേജുകളാണ് ആദ്യ നൂറിലുൾപ്പെട്ടത്. എൻ.ഐ.ടി കോഴിക്കോട് റാങ്ക് പട്ടികയിൽ മുപ്പതാമതാണ്. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ടെക്നോളജി 40-ാമതും പാലക്കാട് ഐ.ഐ.ടി -68 ആമതും എത്തി.