ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ നിര്‍മാണം: ഗ്ലാക്‌സോസ്മിത്ത്‌ക്ലൈനുമായി ഫെഡറല്‍ ഗവണ്‍മെന്റ് കരാറില്‍ ഒപ്പുവെച്ചു  

By: 600002 On: Jul 16, 2022, 7:24 AM

ഇന്‍ഫ്‌ളുവന്‍സ വാക്‌സിനുകള്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് സ്‌പെഷ്യാലിറ്റി മെഡിസിന്‍ നിര്‍മാണ കമ്പനിയായ ഗ്ലാക്‌സോസ്മിത്ത്‌ക്ലൈനുമായി(ജിഎസ്‌കെ) ഫെഡറല്‍ ഗവണ്‍മെന്റ് പുതിയ കരാര്‍ ഒപ്പുവെച്ചു. രാജ്യത്ത് ഫാള്‍ സീസണില്‍ പ്രതീക്ഷിക്കുന്ന പകര്‍ച്ചവ്യാധി രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധത്തിനുമായി ഇന്‍ഫ്‌ളുവന്‍സ വാക്‌സിനുകള്‍ നിര്‍മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള നാല് വര്‍ഷത്തെ കരാര്‍ ക്യുബെക്ക് സിറ്റിയില്‍ ആരോഗ്യമന്ത്രി ജീന്‍-യെവ്‌സ് ഡുക്ലോസ് പ്രഖ്യാപിച്ചു. 

ഒരു പകര്‍ച്ചവ്യാധി ഉണ്ടായാല്‍ 80 മില്യണ്‍ ഡോസ് ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ വാങ്ങാനും പൊതുധന സഹായമുള്ള വാക്‌സിനേഷന്‍ പ്രോഗ്രാമുകളില്‍ പ്രതിവര്‍ഷം കുറഞ്ഞത് നാല് മില്യണ്‍ ഡോസുകള്‍ ഉപയോഗിക്കാനുള്ള ഓപ്ഷനും കരാറില്‍ ഉള്‍പ്പെടുന്നുവെന്ന് ഡുക്ലോസ് പറഞ്ഞു. പുതിയ ഡോസുകള്‍ ജിഎസ്‌കെ യുടെ ക്യുബെക്ക് സിറ്റി നിര്‍മാണ പ്ലാന്റില്‍ നിര്‍മിക്കും. കാനഡയുടെ ആഭ്യന്തര വാക്‌സിന്‍ നിര്‍മാണ ശേഷി പുനസ്ഥാപിക്കുന്നതിനുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ 1.3 ബില്യണ്‍ ഡോളര്‍ പദ്ധതിയുടെ ഭാഗമാണ് ഈ കരാര്‍. 

ഇരുപത് വര്‍ഷമായി ഇന്‍ഫളുവന്‍സ വാക്‌സിനുകള്‍ക്കായി കാനഡയ്ക്ക് ഗ്ലാക്‌സോസ്മിത്ത്‌ക്ലൈനുമായി ഒരു കരാര്‍ ഉണ്ട്. ഓരോ 11 മുതല്‍ 40 വര്‍ഷത്തിലും പകര്‍ച്ചവ്യാധി രാജ്യത്തുണ്ടാകാറുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഏറ്റവും അവസാനമായി ഉണ്ടായത് 2009 ലെ എച്ച്1എന്‍1 ഇന്‍ഫ്‌ളുവന്‍സയായിരുന്നു.