
സ്വാതന്ത്ര്യ ദിനത്തിലെ അവധി ഉത്തർപ്രദേശ് ഗവണ്മെന്റ് റദ്ദാക്കി. ഗവണ്മെന്റ് ഓഫിസുകൾ, യൂണിവേഴ്സിറ്റികൾ , സ്കൂളുകൾ കോളജുകൾ, മാർക്കറ്റുകൾ എന്നിവ ഇത്തവണ സ്വാതന്ത്ര്യ ദിനത്തിൽ പ്രവർത്തിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷമായതിനാൽ ഓരോ ജില്ലയിലും സ്വാതന്ത്ര്യദിനം പ്രത്യേക പരിപാടിയായി ആഘോഷിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തിൽ പ്രത്യേക ശുചിത്വ യജ്ഞം നടത്തുമെന്നും ഇത് ദേശീയതലത്തിലെ തന്നെ ജനകീയ മുന്നേറ്റമാക്കി മാറ്റണമെന്നും ചീഫ് സെക്രട്ടറി ഡി.എസ്.മിശ്ര പറഞ്ഞു. “സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരിപാടികൾ നടത്തണം. സ്വാതന്ത്ര്യദിന വാരത്തിൽ ആഴ്ചയിലെ ഓരോ ദിവസവും വ്യത്യസ്ത പരിപാടികൾ വേണം. സ്വാതന്ത്ര്യദിനാഘോഷങ്ങൾ കേവലം ഔദ്യോഗിക പരിപാടിയായി ചുരുക്കരുത്. ജനങ്ങൾ അതിൽ പങ്കെടുക്കണം. സാമൂഹിക സംഘടനകൾ, ജനപ്രതിനിധികൾ, എൻ.സി.സി, എൻ.എസ്.ഒ കേഡറ്റുകൾ, വ്യാപാര സംഘടനകൾ തുടങ്ങിയ മേഖലകളെ ഇതുമായി ബന്ധിപ്പിക്കണമെന്നും” അദ്ദേഹം പറഞ്ഞു.