
സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഷാര്‍ജ നെടുമ്പാശേരി യാത്രാ വിമാനം അടിയന്തരമായി ഇറക്കി. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനമാണ് വെള്ളിയാഴ്ച രാത്രി 7.29 ന് നെടുമ്പാശേരിയില്‍ എയർപോർട്ടിൽ എമര്‍ജന്‍സി ലാന്‍ഡ് ചെയ്തത്. 215 ഓളം യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
എയര്‍ അറേബ്യ ജി9- 426 വിമാനം ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം 07.13ന് ലാന്‍ഡ് ചെയ്യാനിരിക്കവേ ആണ് യന്ത്ര തകരാര്‍ ശ്രദ്ധയില്‍പ്പെടുന്നത്. 06.41ന് എയർപോർട്ടിൽ എമര്‍ജന്‍സി ലാന്‍ഡിങ്ങിനുള്ള പ്രഖ്യാപനം നടത്തി. തുടർന്ന് 07.29 തോടെ റണ്‍വേ ഒമ്പതില്‍ വിമാനം സുരക്ഷിതമായി ഇറക്കുകയായിരുന്നു. ഒരു മണിക്കൂര്‍ 50 മിനിറ്റുകള്‍ക്ക് ശേഷമാണ് വിമാനത്താവളത്തിലെ നിയന്ത്രണങ്ങള്‍ നീക്കിയത്.