വർഷാവസാനത്തോടെ റീട്ടെയിൽ സ്റ്റേഷനുകളിൽ 79 ഇ.വി ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാനൊരുങ്ങി ഷെൽ കാനഡ

By: 600021 On: Jul 15, 2022, 12:32 PM

കാനഡയിലുടനീളം ഇലക്ട്രിക് വാഹന ചാർജിംഗ് ശൃംഖല  ഗണ്യമായി വികസിപ്പിക്കാനുള്ള പദ്ധതിയുമായി ഷെൽ കാനഡ. ബീ.സി മുതൽ ഒന്റാരിയോ വരെയുള്ള 37 ഷെൽ റീട്ടെയിൽ സ്റ്റേഷനുകളിൽ ഈ വർഷം അവസാനത്തോടെ 79 റീചാർജ് ഫാസ്റ്റ് ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുമെന്ന്  കമ്പനി അറിയിച്ചു. നിലവിൽ ഷെൽ കാനഡയ്ക്ക് രാജ്യത്ത് 25 ഇ. വി ചാർജിങ് പോയിന്റുകളാണ് ഉള്ളത്. 2050-ഓടെ നെറ്റ്-സീറോ എമിഷൻ നിലയിലെത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ലോകമെമ്പാടുമുള്ള ഇ.വി ഇൻഫ്രാസ്ട്രക്ചറിൽ വൻതോതിൽ നിക്ഷേപം നടത്താൻ റോയൽ ഡച്ച് ഷെൽ പി.എൽ.സി ഒരുങ്ങുന്നത്.
 
കാനഡയിൽ 2025-ഓടെ 500-ലധികം ചാർജറുകൾ നിർമ്മിക്കാൻ ഒരുങ്ങുന്നതായി ഷെൽ കാനഡയുടെ മൊബിലിറ്റി ജനറൽ മാനേജർ കെന്റ് മാർട്ടിൻ പറഞ്ഞു. ഇലക്‌ട്രിക് മൊബിലിറ്റിയിൽ മുന്നിട്ടുനിൽക്കുക എന്ന കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇ.വി ഇൻഫ്രാസ്ട്രക്ചർ ശൃംഖലയുടെ വിപുലീകരണം നടത്തുന്നത്.
 
കാനഡയിൽ കഴിഞ്ഞ വർഷം ഇലക്ട്രിക് വാഹന വിൽപ്പന 60 ശതമാനം വർധിച്ചു. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച്, കനേഡിയൻമാർ 2021-ൽ 86,000 പുതിയ ബാറ്ററി-ഇലക്‌ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ, കാനഡയിൽ 6,800 സ്ഥലങ്ങളിലായി ഏകദേശം 16,000 ഇ. വി ചാർജിംഗ് പോർട്ടുകളാണ് ഉള്ളത്. അവയിൽ 90 ശതമാനവും ക്യുബെക്ക്, ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലാണ്.