എഡ്മന്റണില്‍ നിന്നും ടൊറന്റോയിലേക്ക്  ലിങ്ക്‌സ് എയറിന്റെ ലോ-കോസ്റ്റ് വിമാനം പറന്നു തുടങ്ങി 

By: 600002 On: Jul 15, 2022, 12:13 PM

കുറഞ്ഞ നിരക്കില്‍ സേവനം വാഗ്ദാനം ചെയ്യുന്ന കാല്‍ഗറി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ കമ്പനിയായ ലിങ്ക്‌സ് എയറിന്റെ എഡ്മന്റണിലെ സേവനം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ എഡ്മന്റണില്‍ നിന്നും ടൊറന്റോയിലേക്ക് ആദ്യ ലോ-കോസ്റ്റ് വിമാനം പറന്നു. ടൊറന്റോയിലേക്ക് ആഴ്ചയില്‍ അഞ്ച് സര്‍വീസുകളാണ് ലിങ്ക്‌സ് എയര്‍ നടത്തുക. ഇത് ന്യൂഫൗണ്ട്‌ലാന്‍ഡിലെ സെന്റ് ജോണ്‍സ് വരെ ഉണ്ടാകും. ഈ ഷെഡ്യൂള്‍ ജൂലൈ 20 മുതല്‍ പ്രതിദിന ഫ്‌ളൈറ്റുകള്‍ എന്ന രീതിയിലേക്ക് വിപുലീകരിക്കുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ നോവ സ്‌കോഷ്യയിലെ ഹാലിഫാക്‌സിലേക്ക് അധിക സര്‍വീസും ഏര്‍പ്പാടുക്കുന്നുണ്ട്.

ന്യൂഫൗണ്ട്‌ലാന്‍ഡിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റുകള്‍ക്ക് ടൊറന്റോയില്‍ സ്‌റ്റോപ്പുണ്ട്. എന്നാല്‍ യാത്രക്കാര്‍ക്ക് ഇവിടെ ഇറങ്ങേണ്ടതില്ല.  

ആദ്യ സര്‍വീസില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. കുറഞ്ഞ നിരക്കില്‍ മികച്ച സേവനം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ സാധിക്കുമെന്ന വാഗ്ദാനമാണ് ജനങ്ങള്‍ക്ക് തങ്ങള്‍ നല്‍കുന്നതെന്നും അധികൃതര്‍ പറഞ്ഞു. ഈ റൂട്ടുകള്‍ വിജയകരമാവുകയാണെങ്കില്‍ തങ്ങളുടെ സേവനം കാനഡയില്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള പദ്ധതിയിലാണെന്നും കമ്പനി വ്യക്തമാക്കി. 

കാല്‍ഗറി, വിന്നിപെഗ് തുടങ്ങി ബീസിയിലെയും ഒന്റാരിയോയിലെയും നിരവധി സ്ഥലങ്ങളില്‍ നിന്ന് ലിങ്ക്‌സ് എയര്‍ സര്‍വീസ് നടത്തുന്നുണ്ട്.