മാര്‍പാപ്പയുടെ സന്ദര്‍ശനം: ആല്‍ബെര്‍ട്ടയില്‍ കനത്ത സുരക്ഷ ഒരുക്കും; ജനങ്ങള്‍ സഹകരിക്കണമെന്ന് സംഘാടകര്‍ 

By: 600002 On: Jul 15, 2022, 11:09 AM


ജൂലൈ 25, 26 തിയതികളില്‍ മാര്‍പാപ്പയുടെ സന്ദര്‍ശനവേളയില്‍ ആല്‍ബെര്‍ട്ട ജനസാഗരമാകും. ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുവാനും എഡ്മന്റണില്‍ നടക്കുന്ന കൂട്ട കുര്‍ബാനയില്‍ പങ്കെടുക്കാനും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി ലക്ഷകണക്കിനാളുകളായിരിക്കും ആല്‍ബെര്‍ട്ടയില്‍ എത്തിച്ചേരുക എന്ന് സംഘാടകര്‍ പറയുന്നു. അതിനാല്‍ മാര്‍പാപ്പ പങ്കെടുക്കുന്ന പരിപാടികളില്‍ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും സംഘാടകര്‍ വ്യക്തമാക്കി. 

മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രവിശ്യയിലെ ഒന്നിലധികം റോഡുകള്‍ അടയ്ക്കുകയും, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ പിന്‍വലിക്കുകയും, രാത്രികാല ക്യാമ്പിംഗ് അനുവദിക്കാതിരിക്കുകയും ചെയ്‌തേക്കാം. കനത്ത സുരക്ഷയാണ് ഒരുക്കുന്നത് എന്ന തിനാല്‍ ആളുകളില്‍ നിന്നും പരിപാടിക്ക് മികച്ച പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായി എഡ്മന്റണ്‍ സിറ്റിയില്‍ നിന്നുളള പ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, സംഘാടകര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍പാപ്പയുടെ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ സ്ഥലത്ത് നേരത്തെ എത്തിച്ചേരാനും പരിപാടികളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിയമങ്ങള്‍ കൃത്യമായി പാലിക്കുവാനും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. 

എഡ്മന്റണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന മാര്‍പാപ്പയുടെ വാഹനവ്യൂഹം അദ്ദേഹം താമസിക്കുന്ന സ്ഥലത്തേക്ക് എത്തുന്നതിന് മുമ്പും ശേഷവും ക്യൂന്‍ എലിസബത്ത് 2 ഹൈവേ താല്‍ക്കാലികമായി അടച്ചിടുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതുപോലെ മറ്റിടങ്ങളിലും റോഡുകള്‍ താല്‍ക്കാലികമായി അടച്ചിട്ടേക്കാം. 

ആല്‍ബെര്‍ട്ടയില്‍ നാല് പരിപാടികളിലാണ് മാര്‍പാപ്പ പങ്കെടുക്കുന്നത്. ഇതിനു ശേഷം ക്യുബെക്കിലും ഇക്വലിറ്റിലും സംഘടിപ്പിക്കുന്ന പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.