കഴിഞ്ഞമാസം മാന്‍ഹാട്ടണില്‍ വാടക കുത്തനെ വര്‍ധിച്ച് റെക്കോര്‍ഡ് തലത്തിലെത്തിയതായി റിപ്പോര്‍ട്ട്. ബ്രോക്കറേജ് സ്ഥാപനമായ ഡഗ്ലസ് എലിമാന്‍ ആന്‍ഡ് മിലര്‍ സാമുവല്‍ റിയല്‍ എസ്റ്റേറ്റ് അപ്രൈസേര്‍സ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം മാന്‍ഹട്ടണിലെ ഒരു കോണ്ടോ അല്ലെങ്കില്‍ കൂപ്പിന്റെ ശരാശരി പ്രതിമാസ വാടക ജൂണ്‍ മാസത്തില്‍ 4,050 യുഎസ് ഡോളറായി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഏകദേശം 25 ശതമാനം വര്‍ധനവാണ് വാടകയില്‍ ഉണ്ടായത്. തുടര്‍ച്ചയായ അഞ്ചാം മാസവും വാടക ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണ്. ശരാശരി വാടക 4,000 ഡോളറിന് മുകളില്‍ ആദ്യമായി ഉയര്‍ന്നത് മെയ് മാസത്തിലാണ്.
വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ അന്വേഷണങ്ങള്‍ നിര്‍ത്തിവെക്കുകയും പകരം വാടകയ്ക്ക് വീടെടുക്കാന്‍ തീരുമാനിച്ചതുമാണ് വാടക ഇത്ര ഉയര്‍ന്ന തലത്തിലെത്തിയതെന്നാണ് നിഗമനം.
ജൂണില്‍ ത്രീ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി വാടക പ്രതിമാസം 9,469 ഡോളര്‍ ആയിരുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 7,394 ആയിരുന്നു. അതേസമയം, ഒരു കിടപ്പുമുറിയോടുകൂടിയ വീടിന്റെ ശരാശരി വാടക ഇപ്പോഴും 5,000 ത്തില്‍ താഴെയാണ്, 4,278 ഡോളറാണ് വാടക. സമീപകാലത്ത് വാടകയില്‍ ചെറിയ ആശ്വാസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റെന്റല്‍ മാര്‍ക്കറ്റിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.